
ന്യൂഡല്‍ഹി: ആഗ്രയിലെ താജ്മഹല്‍ സംരക്ഷിക്കുന്നതിനുളള എല്ലാ സുരക്ഷാസംവിധാനങ്ങളും ഉണ്ടായിരുന്നിട്ടും താജ്മഹലിന് പിന്നിലുളള മെഹ്താബ് ബാഗ് കോംപ്ലക്സില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വിവാഹം നടത്തിയ സംഭവത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസ് നല്കിയതിനോടൊപ്പം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനത്ത് വിവരമറിയിക്കുകയും ചെയ്തു. മെഹ്താബ് ബാഗിലെ പാര്‍ക്കിങ് കരാറുകാരന് വിനോദ് യാദവാണ് നിയമം ലംഘിച്ച് വിവാഹം നടത്തിയതെന്ന് ആഗ്ര ആര്‍ക്കിയോളജിക്കല്‍ സര്‍വേ സൂപ്രണ്ട് ആര്.കെ.പട്ടേൽ പറഞ്ഞു.
എഎസ്ഐയെയും ജില്ലാ ഭരണകൂടത്തെയും തെറ്റിദ്ധരിപ്പിച്ചാണ് വിനോദ് യാദവ് വിവാഹം നടത്തിയതെന്ന് അധിക്രിതര്‍ അറിയിച്ചു. പാര്‍ക്കിങ്ങും കാന്റീനുമല്ലാതെ മറ്റൊരു പ്രവര്‍ത്തനവും കെട്ടിടത്തില്‍ നടത്താന്‍ വിനോദിന് അനുമതിയില്ല. എന്നാല്‍ ഇയാള്‍ വിനോദസഞ്ചാരികള്‍ക്കായി ടൂറിസ്റ്റ് റൂമുകള്‍ തുറക്കുകയും ടെന്റുകള്‍ സ്ഥാപിക്കുകയും ചെയ്തതാണ്
ആരോപണം.
കഴിഞ്ഞ ദിവസം വിവാഹച്ചടങ്ങുകള്‍ നടന്നപ്പോള്‍ പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. വിവാഹ ചടങ്ങില്‍ ഉച്ചത്തില്‍ സംഗീതം മുഴക്കുകയും ചാണകക്കേക്കുകള് കത്തിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആഗ്ര ടൂറിസ്റ്റ് വെല്‍ഫയര്‍ ചേംബര്‍ സെക്രട്ടറി വിശാല്‍ ശര്‍മ്മ പറഞ്ഞു. താജ്മഹലിന് 500 മീറ്റര്‍ ചുറ്റളവില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരുന്നു. ഇതിന് പുറമേ തന്തൂരി അടുപ്പ് ഉപയോഗിക്കുകയും വൈദ്യുതി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.






