
കല്‍പ്പറ്റ : വയനാട്ടില്‍ കോടികളുടെ അനധികൃത മരംമുറിക്കലിന് ആധാരമായ വിവാദ ഉത്തരവിനെതിരേ നിയമോപദേശം നല്കിയ ഗവ. പ്ലീഡര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ്.
റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24-നു പുറപ്പെടുവിച്ച ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത്, പട്ടയഭൂമിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈട്ടിയടക്കമുള്ള മരങ്ങള്‍ മുറിക്കുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയ ജില്ലാ ഗവ. പ്ലീഡര്‍/പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് മാത്യുവിനാണു സബ് കലക്ടര്‍ നോട്ടീസ് നല്‍കിയത്. മുന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ പരാതിയേത്തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണു നടപടി.
നിയമവിരുദ്ധമരംമുറി തടയണമെന്നു ഗവ. പ്ലീഡര്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടും യഥാസമയം നടപടിയുണ്ടായില്ലെന്നു 'മംഗളം' കഴിഞ്ഞ ജൂണ്‍ 16-നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയാണു മുന്‍ കലക്ടറെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട(1960)ത്തിനു വിരുദ്ധമായി ഔദ്യോഗികവിവരം മാധ്യമങ്ങളോടു വെളിപ്പെടുത്തിയതിനു നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നാണു നോട്ടീസ്. എന്നാല്‍, നോട്ടീസിനെക്കുറിച്ചു പ്രതികരിക്കാന്‍ ഗവ. പ്ലീഡര്‍ തയാറായില്ല. നിയമോപദേശം നിയമവിരുദ്ധമാണെന്നും പ്ലീഡര്‍ക്ക് അതിന് അധികാരമില്ലെന്നും നോട്ടീസിലുള്ളതായാണു സൂചന. കലക്ടര്‍ക്കും ഡി.എഫ്.ഒയ്ക്കും ഗവ. പ്ലീഡര്‍ നല്കിയ മുന്നറിയിപ്പ് ശരിവയ്ക്കുന്നതായിരുന്നു മുട്ടില്‍ മരംകൊള്ള സംബന്ധിച്ച് വെളിപ്പെട്ട വിവരങ്ങള്‍. ഇതേ ഗവ. പ്ലീഡറുടെ നിയമോപദേശപ്രകാരമാണു മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ മരംകൊള്ള തടഞ്ഞത്. എന്നാല്‍, അനധികൃത മരംമുറിക്കല്‍ തടയാന്‍ സമയോചിതമായി ഇടപെട്ടെന്നാണു റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു ജില്ലാ കലക്ടര്‍ നല്കിയ പരാതിയില്‍ അവകാശപ്പെടുന്നത്. കലക്ടറെ അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തതിനേത്തുടര്ന്ന്, പട്ടയഭൂമിയില്നിന്നു മുറിച്ച മരങ്ങള്‍ കടത്താന്‍ പാസ് അനുവദിക്കാമോയെന്നാരാഞ്ഞ് റെയ്ഞ്ച് ഓഫീസര്‍ ഗവ. പ്ലീഡര്‍ക്കു കത്ത് നല്‍കിയിരുന്നു.
മരംമുറി നിയമവിരുദ്ധമാണെന്നും പാസ് അനുവദിക്കരുതെന്നുമായിരുന്നു പ്ലീഡറുെട മറുപടി. പിന്നീടാണു പാസ് ഇല്ലാതെ പെരുമ്പാവൂവിലേക്കു കടത്തിയ ഒരു ലോഡ് ഈട്ടിത്തടി വനപാലകര്‍ പിടികൂടിയത്.
സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ വയനാട്ടിലെ തൃക്കൈപ്പറ്റ വില്ലേജില്‍ മരംമുറിക്കല്‍ ശ്രദ്ധയില്പെട്ടപ്പോഴാണു ഗവ. പ്ലീഡര്‍ കലക്ടറെയും ഡി.എഫ്.ഒയെയും വിവരമറിയിച്ചത്. വിവരമറിഞ്ഞ അന്നുതന്നെ മേപ്പാടി റെയ്ഞ്ച് ഓഫീസറും വില്ലേജ് ഓഫീസറും നത്തംകുനിയിലെത്തി മരംമുറി തടയാന്‍ ശ്രമിച്ചു. എന്നാല്‍, റവന്യൂ വകുപ്പിന്റെ അനുമതിയുണ്ടെന്നായിരുന്നു സ്ഥലമുടമയുടെ മറുപടി. തുടര്‍ന്ന്, ഡി.എഫ്.ഒയും ഗവ. പ്ലീഡറും സ്ഥലത്തെത്തിയപ്പോഴേക്ക് മരത്തിന്റെ വലിയ ശിഖരങ്ങളെല്ലാം മുറിച്ചിരുന്നു. ഇതോടെ ഡി.എഫ്.ഒയും ഗവ. പ്ലീഡറും ഒന്നിച്ച് ജില്ലാ കലക്ടറെ സന്ദര്‍ശിച്ചാണു വിവരമറിയിച്ചത്. എന്നിട്ടും നത്തംകുനിയില്‍ മുറിച്ച മരം കസ്റ്റഡിയിലെടുക്കാനോ കേസ് എടുക്കാനോ റവന്യൂ വകുപ്പ് തയാറായില്ല. ഇതിനിടെ, സര്‍ക്കാരിന്റെ മരംമുറി ഉത്തരവില്‍ നിയമോപദേശം തേടി കഴിഞ്ഞ ജനുവരി രണ്ടിനു ഗവ.പ്ലീഡര്‍ക്കു ഡി.എഫ്.ഒ. കത്ത് നല്കി. ഉത്തരവ് നിയമവിരുദ്ധമാണെന്നു രണ്ടുദിവസത്തിനുശേഷം പ്ലീഡര്‍ മറുപടി നല്കി. ഇതു ഡി.എഫ്.ഒ. ഔദ്യോഗികമായി കലക്ടറെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. അതേമാസം എട്ടിന് ഉത്തരവില്‍ അഭിപ്രായം തേടി കലക്ടര്‍ പ്ലീഡര്‍ക്കു കത്ത് നല്കി. മരംമുറി നിയമവിരുദ്ധമാണെന്നു വ്യക്തമാക്കി അദ്ദേഹം 12-നു മറുപടി നല്കി. അപ്പോഴേക്കു നത്തംകുനിയിലെ മരം കഷണങ്ങളാക്കിയിരുന്നു. ഇത് മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
നത്തംകുനി വിവാദത്തിനു പിന്നാലെയാണു മുട്ടില്‍ സൗത്ത് വില്ലേജിലെ ഈട്ടിക്കൊള്ള പുറംലോകമറിഞ്ഞത്. നത്തംകുനിയില്‍ റവന്യൂ വകുപ്പ് ഇടപെട്ടിരുന്നെങ്കില്‍ മുട്ടില്‍ മരംകൊള്ള നടക്കില്ലായിരുന്നു. മരങ്ങള്‍ മുറിച്ച വിവരം ജില്ലാ കലക്ടര്‍, ഡി.എഫ്.ഒ. ഉള്‍പ്പെടെയുള്ളവരെ നേരില്‍ക്കണ്ട് അറിയിച്ചിരുന്നെന്നു മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളും പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പാസിനായി റവന്യൂ ഉദ്യോഗസ്ഥയെ സമീപിച്ചപ്പോള്‍, അവര്‍ ഡി.എഫ്.ഒയെ ഫോണില്‍ വിളിച്ച് വേണ്ടതു ചെയ്യാന്‍ നിര്‍ദേശിച്ചെന്നും പ്രതികള്‍ വെളിപ്പെടുത്തി.
നോട്ടീസ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
പൊതുമുതല്‍ കൊള്ളയടിക്കപ്പെടുന്നതു തടയാനുതകുന്ന നിയമോപദേശം നല്കാന് ഗവ. പ്ലീഡര്‍ക്ക് അധികാരമില്ലേ?
പൊതുമുതല്‍ സംരക്ഷണത്തിനു സ്വീകരിക്കുന്ന നടപടികള്‍ സര്ക്കാരിനെതിരാകുന്നതെങ്ങനെ?
ഗവ. പ്ലീഡര്‍ ഔദ്യോഗികമായി താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥയുടെ കാര്യാലയത്തിലെത്തി വിശദീകരണം നല്‍കണോ?
നിശ്ചിതകാലത്തേക്കു നിയമിതനായ ജില്ലാ ഗവ. പ്ലീഡര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍വചനത്തില്‍പ്പെടുമോ?
ഗവ. പ്ലീഡര്‍ ഉത്തമബോധ്യമുള്ള വിവരം പങ്കുവച്ചത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടലംഘനമാകുമോ?
ബിനു ജോര്‍ജ്






