
പട്ന: കഷണ്ടി ചികിത്സയ്ക്ക് പട്നയിലെ എയിംസ് ആശുപത്രിയില്‍ എല്‍ഇഡി ലേസര്‍ ഹെല്‍മറ്റ് വികസിപ്പിക്കുന്നു. ദിവസം മൂന്നു മണിക്കൂര്‍ വീതം മൂന്നു-നാലു മാസം ഹെല്‍മറ്റ് ധരിച്ച് ലേസര്‍ ചികിത്സ ചെയ്താല്‍ കഷണ്ടി പൂര്‍ണ്ണമായും മാറുമെന്നാണ് ആശുപത്രിയിലെ ഫിസിയോളജി വകുപ്പ് അവകാശപ്പെടുന്നത്.
കഷണ്ടി മാറുന്ന തരത്തില്‍ 32 ലേസര്‍ രശ്മികള്‍ ഹെല്‍മറ്റില്‍ നിന്നു തൊലിപ്പുറത്തേക്കു പ്രവഹിപ്പിക്കുന്നതാണ് ചികിത്സരീതി. രാജ്യത്ത് ഇതേവരെ നടത്തിയ പഠനങ്ങളുടെ സഹായത്തോടെയാണ് ലേസര്‍ ചികിത്സ വികസിപ്പിച്ചെടുത്തത്. ഹെല്‍മറ്റ് മാതൃകയ്ക്കും തെറാപ്പിക്കും പേറ്റന്റ് നേടാനുളള നടപടികള്‍ നടക്കുന്നുണ്ട്. പേറ്റന്റ് ലഭിച്ചാല്‍ ഉടനെ ഹെല്‍മറ്റ് മാതൃക പുറത്തിറക്കും.
മൂന്നു ഘട്ടങ്ങളായാണ് പരീക്ഷണം നടത്തിയത്. ത്വക്കില്‍ മുടി ഏറ്റവുമധികംകാലം നില്‍ക്കേണ്ട ആദ്യം ഘട്ടം പെട്ടെന്ന് അവസാനിക്കുന്നതാണ് കഷണ്ടിക്കു കാരണം. ആദ്യഘട്ടം നീണ്ടു നില്‍ക്കാത്തതിനാല്‍ ദുര്‍ബലമായ മുടിയാണ് വളര്‍ന്നു വരുന്നത്. ഇതിനാല്‍ മുടി വേഗം കൊഴിഞ്ഞുപോകും.
എന്നാല്‍ ലേസര്‍ ചികിത്സയിലൂടെ ത്വക്കിലെ രക്തയോട്ടം വര്‍ധിക്കുന്നതിലൂടെ രോമവളര്‍ച്ചയുടെ ആദ്യഘട്ടം മുടി ആരോഗ്യമുളളതാക്കും. കഷണ്ടി ചികിത്സയില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് എല്‍ഇഡി ലേസര്‍ ഹെല്‍മറ്റ് എന്നാണ്എയിംസ് ആശുപത്രി ന്യൂറോ ഫിസിയോളജി ഗവേഷകരുടെ പ്രതീക്ഷ.






