
ദുബായ്: കേരളത്തിലെ നിരാലംബരായ സ്ത്രീകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് കാവല്‍ എന്ന സിനിമയെന്ന് സുരേഷ് ഗോപി. ഗാര്‍ഹിക പീഡനത്തിനിരയായി മരിച്ച വിസ്മയ, ഉത്തര എന്നിവരെ പോലെ ഒരുപാടുപേര് നമ്മുടെ സമൂഹത്തിലുണ്ട്. ഇവരെയെല്ലാം സംരക്ഷിക്കാന്‍ സാധിക്കുമെന്ന് പറയുന്നില്ല. എന്നാല്‍ അവര്‍ക്കൊക്കെ കാവലായി ഉണ്ടാകണം എന്നാണ് ആഗ്രഹം. സിനിമ സമൂഹത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു കലയാണ്. അതുകൊണ്ടുതന്നെ കാവല്‍ അവര്‍ക്കു പ്രതീക്ഷ നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഗള്‍ഫിലെ കാവല്‍ റിലീസിനോടനുബന്ധിച്ച് ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിയറ്ററില്‍ കാണേണ്ട സിനിമയാണ് കാവല്‍ എന്നും തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഈ ചിത്രം ആരും കാണില്ലെന്നും നിര്‍മാതാവ് ജോബി ജോര്‍ജ് കഴിഞ്ഞ ജൂണില്‍ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. തിയറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ അത് താഴേത്തട്ടിലുള്ള ജോലിക്കാര്‍ക്ക് മുതല്‍ തിയറ്റര്‍ ഉടമകള്‍ക്ക് വരെ ഗുണകരമാകുന്നു. ഒടിടിക്ക് വേണ്ടി നിര്‍മിക്കുന്ന ചിത്രങ്ങള്‍ അത്തരത്തിലുള്ള സാമ്പത്തിക ചട്ടക്കൂട്ടില്‍ നിന്ന് കൊണ്ടുള്ളവയാണ്. തിയറ്ററുകളോടൊപ്പം ഒടിടിയിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
സംവിധായകന് നിതിന്‍ രണ്‍ജി പണിക്കറിന്റെ രണ്ടാമത്തെ ചിത്രമായ കാവല്‍ ഒരു ഫാമിലി ഡ്രാമ-ആക്ഷന്‍ ചിത്രമാണ്. ആക്ഷന്‍ ഹീറോ എന്ന സുരേഷ് ഗോപിയുടെ ഇമേജ് കാത്തുസൂക്ഷിക്കുന്ന മികച്ച ചിത്രമായിരിക്കുമിതെന്ന് സംവിധായകന് പറഞ്ഞു.
നായിക റേച്ചല്‍ ഡേവിഡ്, ട്രൂത് ഗ്ലോബല്‍ ഫിലിംസ് എംഡി അബ്ദുല്‍ സമദ്, ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ് പ്രൊഡക്ഷന്‍ ഫിനാന്‍സ് കണ്ട്രോളര് ശ്രാവണ്‍, യുബിഎല്‍ ചെയര്മാന് ബിബി ജോണ്‍, ട്രൂത് ഗ്ലോബല്‍ ഫിലിംസ് പ്രതിനിധി രാജന് വര്‍ക്കല എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.






