
ഇന്ത്യയിലെ നഗരവാസികള്‍ തെരുവില്‍ മാത്രം പുറംതള്ളുന്ന മനുഷ്യവിസര്‍ജ്ജം ദൈനംദിനം എട്ട് സ്വിംമ്മിംഗ് പൂളുകള്‍ നിറയ്ക്കാന്‍ തുല്യമെന്ന് റിപ്പോര്‍ട്ട്. ശുചിത്വവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഒട്ടേറെ പരിപാടികള്‍ പ്രഖ്യാപിച്ചിരിക്കെ ഒരു അന്താരാഷ്ട്ര സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സ്വകാര്യമോ സുരക്ഷിതത്വമോ ഇല്ലാത്ത ശൗചാലയങ്ങളില്‍ കഴിയുന്ന നഗരവാസികളുടെ എണ്ണം ഇന്ത്യയില്‍ ഏറെയാണെന്നും ആഗോള എന്‍ജിഒ യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ ഇത്തരത്തില്‍ ജീവിക്കുന്നത് 157 ദശലക്ഷം നഗരവാസികളാണ്. ഇവരില്‍ ഭൂരിഭാഗവും മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നത് വെളിമ്പ്രദേശത്താണെന്നും പറയുന്നു. പരസ്യമായി ഇക്കാര്യം ചെയ്യുന്നത് 41 ദശലക്ഷം പേരാണ്. സുരക്ഷിത ജലത്തിനും ശുചിത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന യുകെ അടിസ്ഥാനമായ ജീവകാരുണ്യ സ്ഥാപനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നല്ല ശുചിത്വ സംവിധാനങ്ങളുടെ അഭാവം നഗരമേഖലയില്‍ പകര്‍ച്ച വ്യാധികള്‍ക്കും പലതരം അസുഖങ്ങള്‍ക്കും കാരണമാകും.
ഇന്ത്യന്‍ നഗരങ്ങളിലെ തെരുവുകളിലെ മാത്രം ദൈനംദിന വിസര്‍ജ്യം ശേഖരിച്ചാല്‍ ഒളിമ്പിക്സില്‍ ഉപയോഗിക്കപ്പെടുന്ന എട്ട് സ്വിമ്മിംഗ് പൂളുകള്‍ നിറയ്ക്കാന്‍ കഴിയുമെന്നും 16 ജംബോജറ്റുകള് വേണ്ടി വരുമെന്നും പറയുന്നു. അതേസമയം സര്‍ക്കാരിന്റെ 2000 ലെ കണക്കുകള്‍ പറഞ്ഞത് നഗരങ്ങളില്‍ 26 ദശലക്ഷം പേര്‍ക്കാണ് ശൗചാലയം ഇല്ലാത്തതെന്നായിരുന്നു. അതേസമയം 700 ദശലക്ഷം പേര് ലോകത്ത് ശൗചാലയമില്ലാത്ത നഗരവാസികളായുണ്ടെന്നും പറഞ്ഞു. ഇതില്‍ 100 ദശലക്ഷം പേര്‍ക്ക് വെളിമ്പ്രദേശത്ത് ചെയ്യുകയല്ലാതെ നിവര്‍ത്തിയില്ലെന്നും പറഞ്ഞു.






