കാരുണ്യവും സൗഹൃദവും പ്രസരിക്കുന്ന ലക്ഷണമൊത്ത മുഖവും ശബ്ദവുമുള്ളവര് അതിന്റെ പൂര്‍ണ അവകാശം കൈമാറാന്‍ സന്നദ്ധരാണോ...? എങ്കില്‍ ആ അവകാശം ഒരു റോബോട്ട് നിര്‍മാണ കമ്പനിക്ക് നല്‍കൂ പ്രതിഫലമായി ഏകദേശം ഒന്നരക്കോടി രൂപ ലഭിക്കും. ഫിലാഡൽഫിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ വേറിട്ട ഈ പരസ്യം ലോകമെങ്ങും വൈറലാവുകയാണിപ്പോള്‍.
റോബോട്ടുകൾക്ക് നല്ല മുഖം നൽകുന്നവർക്കാണ് ഈ തുക ലഭിക്കുക. പിന്നെ ഈ മുഖത്തിലാകും റോബോട്ടുകൾ പുറത്തിറങ്ങുക. വയസ്, ആൺ–പെൺ വ്യത്യാസമില്ല. ആർക്കും അപേക്ഷിക്കാം. സ്വന്തം മുഖത്തിന്റേയും രൂപത്തിന്റേയും 3ഡി ചിത്രമാണ് നൽകേണ്ടത്. ഒപ്പം നിങ്ങളുടെ ശബ്ദം മണിക്കൂറുകളുടെ ദൈർഘ്യത്തിൽ എടുത്ത് അയച്ചുനൽകണം. ദയയും സൗഹൃദവും തോന്നിപ്പിക്കുന്ന മുഖമുള്ള ആർക്കും അപേക്ഷ നൽകാം.
തിരഞ്ഞെടുക്കുന്ന മുഖങ്ങള്‍ കമ്പനി പണം നല്കി അവകാശം സ്വന്തമാക്കും. തിരഞ്ഞെടുക്കുന്നവർ തന്റെ രൂപം പരിധിയില്ലാത്ത കാലയളവിലേക്ക് കമ്പനിക്ക് ഉപയോഗിക്കാൻ അനുവാദം നൽകുന്ന ഒരു കരാറും ഒപ്പിടേണ്ടിവരും. പിന്നീട് ഈ മുഖമുള്ള റോബോട്ട് പൊതുയിടങ്ങളിൽ ജോലി ചെയ്യും. റോബോട്ട് 2023 മുതൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കൻ കമ്പനി റോബോട്ടുകൾക്കായി ആദ്യ ഓഡറുകളും നൽകിയെന്നും റിപ്പോർട്ടില്‍ പറയുന്നു.






