
‘‘എംടി സാറിന്റെ ഒരു കഥാപാത്രമായി വേഷമിടാന്‍ സാധിച്ചത് സ്വപ്ന സാക്ഷാത്കാരം’’ തുറന്നു പറഞ്ഞ് നടി ആന്‍ അഗസ്റ്റിന്. എം.ടി വാസുദേവന്‍ നായരുടെ കഥകളെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജിയില്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നത് ‘കമ്മാര സംഭവ’ത്തിന്റെ സംവിധായകന് രതീഷ് അമ്പാട്ടാണ്. ഈ സിനിമയില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ആന്‍ അഗസ്റ്റിന്, അപര്‍ണ ബാലമുരളി എന്നീ താരങ്ങള്‍ പ്രധാനവേഷത്തിലെത്തുന്നു. ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ആന്‍ സന്തോഷം അറിയിച്ചത്. ‘‘എന്നെന്നേക്കുമായി, പക്ഷേ ക്യാമറയ്ക്ക് മുന്നിൽ തിരിച്ചെത്തിയതിൽ സന്തോഷം തോന്നുന്നു, അതും എംടി സാറിന്റെ ഒരു കഥാപാത്രമാകുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. രതീഷ് ഏട്ടനും ടീമും നേതൃത്വം നൽകുന്ന നെറ്റ്ഫ്ലിക്സ് സീരീസിൽ ഒപ്പം നില്ക്കാന് കഴിഞ്ഞതിൽ സന്തോഷമുണ്ട്. എനിക്കതു സംതൃപ്തമായിരുന്നു. തീർച്ചയായും എന്റെ നല്ല സുഹൃത്ത് ഇന്ദ്രൻ, എന്റെ ആദ്യ കോസ്റ്റാർ എന്റെ അരികിൽ ഉണ്ടായിരുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്. ഓരോ നിമിഷവും ഞാന്‍ ഇഷ്ടപ്പെടുന്നു.’’ ആന്‍ ഇന്‍സ്റ്റയില്‍ കുറിച്ചത് ഇങ്ങനെ. ആന്‍ അഗസ്റ്റിന്റെ ആദ്യ ചിത്രമായ ‘എല്‍സമ്മ എന്ന പെണ്‍കുട്ടി’യില്‍ ഇന്ദ്രജിത്തും ഒപ്പം അഭിനയിച്ചിരുന്നു.
രതീഷിന്റെ ചിത്രത്തിന് കടല്‍ക്കാറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്.10 ഭാഗങ്ങളുള്ള ആന്തോളജിയില്‍ സംവിധായകരായ പ്രിയദര്ശന്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്, ജയരാജ്, മഹേഷ് നാരായണന്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുടെ ചിത്രങ്ങളുമുണ്ട്.






