
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കോവിഡ് വാക്സിന് എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണം 1707. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് കണക്ക് പുറത്തു വിട്ടത്. ആദ്യഘട്ടത്തില്‍ അയ്യായിരത്തോളംപേർ വാക്സിൻ എടുത്തിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്. 2609 പേർ ഉണ്ടെന്ന് അനൗദ്യോഗിക കണക്കുമുണ്ട്. ഏറ്റവും കൂടുതലുള്ളത് മലപ്പുറത്തും ഏറ്റവും കുറവ് വയനാട്ടിലുമാണ്-മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് പ്രതിരോധവാക്സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ പേരുവിവരം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നെങ്കിലും വൈകുന്നേരത്തോടെ ആ നിലപാട് തിരുത്തി. വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കായിരിക്കും പ്രസിദ്ധപ്പെടുത്തുക. അധ്യാപകരുടെ പേരുവിവരങ്ങര് പുറത്തുവിടില്ല. വാക്സിൻ സ്വീകരിക്കാത്തവർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകുമെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വാക്സിൻ എടുക്കാത്തവരുടെ കണക്ക് ശേഖരിച്ചിരുന്നു. വാക്സിൻ എടുക്കാത്തവരുടെ വിവരവും അതിന്റെ കാരണവും നൽകാൻ ഡെപ്യൂട്ടി ഡയറക്ടർമാർ സ്കൂളുകൾക്ക് നിർദേശം നൽകി. പല സ്കൂളുകളിൽനിന്നും നൽകിയ വിവരങ്ങൾ അപൂർണമാണ്. സോഫ്റ്റ്വേർ ഉപയോഗിച്ച് ഇത് ക്രോഡീകരിക്കാനുമായിട്ടില്ല. തുടർന്നാണ് കണക്കുമാത്രം പ്രസിദ്ധപ്പെടുത്താനുള്ള തീരുമാനം.
ആരോഗ്യകാരണങ്ങളാൽ വാക്സിനെടുക്കാത്ത അധ്യാപകരും ജീവനക്കാരും ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർ ആഴ്ചതോറും ആർ.ടി.പി.സി.ആർ. പരിശോധനനടത്തി കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിക്കാത്തവർക്ക് സർക്കാർ സൗജന്യചികിത്സയും നിഷേധിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യത്തിന് സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.






