
ന്യുഡല്‍ഹി: സസ്പെന്‍ഷനിലായ പ്രതിപക്ഷ എം.പിമാര്‍ മാപ്പ് പറഞ്ഞാല്‍ മാത്രം സസ്പെന്ഷന് പിന്‍വലിക്കാമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷി. രാവിലെ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. സസ്പെന്‍ഷനിടയാക്കിയ സാഹചര്യം പാര്‍ലമെന്ററികാര്യ മന്ത്രി മറ്റു മന്ത്രിമാരോട് വിശദീകരിച്ചു.
അവര്‍ എന്തിനാണ് സസ്പെന്റ് ചെയ്യപ്പെട്ടതെന്ന് അറിയിച്ചിട്ടുണ്ട്. സംഭവിച്ചതിനെല്ലാം രാജ്യം മുഴുവന്‍ സാക്ഷിയാണ്. അത് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുമുണ്ട്. അവര്‍ മാപ്പുപറയാന്‍ തയ്യാറായാല്‍ സസ്പെന്ഷന് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് പ്രഹ്ളാദ് ജോഷി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
സസ്പെന്ഷന് പിന്‍വലിക്കാത്തതിനെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭ ഇന്നും തടസ്സപ്പെട്ടു. മുഴുവന്‍ ബി.ജെ.പി അംഗങ്ങളോടും സഭയില്‍ ഹാജരാകാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.
സഭയിലെ പ്രതിഷേധത്തിന്റെ പേരില്‍ 12 പ്രതിപക്ഷ അംഗങ്ങളെയാണ് ഈ സമ്മേളന കാലത്തേക്ക് രാജ്യസഭ അധ്യക്ഷന്‍ എം.വെങ്കയ്യ നായിഡു സസ്പെന്റു ചെയ്തത്.






