സാവോ പോളോ: അറബ് ലീഗ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യോത്പന്ന കയറ്റുമതിയില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തി. 15 കൊല്ലത്തിനിടെ ഇതാദ്യമായാണ് അറബ് ലീഗ് രാജ്യങ്ങളുടെ മുഖ്യവ്യാപാര പങ്കാളിയായ ബ്രസീല്‍ പിന്നിലാകുന്നത്. കോവിഡ് മഹാമാരി ചരക്കുനീക്കത്തെ ബാധിച്ചതാണ് ഇതിന് കാരണമെന്ന് അറബ്-ബ്രസീല്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചു. ബ്രസീലിന്റെ മുഖ്യ വ്യാപാര പങ്കാളികളാണ് അറബ് രാജ്യങ്ങള്‍. എന്നാല്‍ ഇവയുമായി ബ്രസീലിനുള്ള ഭൂമിശാസ്ത്രപരമായ ദൂരം കോവിഡ് കാലത്തെ ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.
അറബ് ലീഗിലെ 22 രാജ്യങ്ങളിലേക്കുള്ള ആകെ കാര്ഷികോല്പന്ന കയറ്റുമതിയുടെ 8.15 ശതമാനവും ബ്രസീലില്‍നിന്നാണ്. എന്നാല്‍ 2020-ല്‍ 8.25 ശതമാനവുമായി ഇന്ത്യ മുന്നിലെത്തുകയും ബ്രസീലിന്റെ 15 കൊല്ലം നീണ്ട ആധിപത്യം അവസാനിക്കുകയായിരുന്നു. മുന്‍പ് ബ്രസീലില്‍നിന്ന് ചരക്കുകള്‍ സൗദി അറേബ്യയിലെത്താന്‍ മുപ്പത് ദിവസം വേണ്ടിയിരുന്നിടത്ത് ഇപ്പോള്‍ അത് അറുപതു ദിവസമായെന്ന് അറബ്-ബ്രസീല്‍ ചേംബര്‍ വ്യക്തമാക്കി. തങ്ങളുടെ ഭക്ഷ്യകയറ്റുമതി വര്‍ധിപ്പിക്കാന്‍ കോവിഡ് കാലത്ത് ചൈന നടത്തിയ നീക്കങ്ങളും ബ്രസീലിന് തിരിച്ചടിയായിട്ടുണ്ട്.






