അഭിനയജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ കൂട്ടുകാര്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് നടി ഗായത്രി സുരേഷ്. യാത്രകള്‍ ഒരുപാട് ഇഷ്ടമാണെങ്കിലും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രയാണ് അടിപൊളിയെന്നും അവര്‍ക്കൊപ്പം ഇന്ത്യയില്‍ പലയിടത്തും സഞ്ചരിച്ചിട്ടുണ്ടെന്നും ഗായത്രി പറഞ്ഞിരുന്നു. ഇപ്പോഴിതാ വയനാടിന്റെ മണ്ണിലേക്ക് എത്തിയിരിക്കുകയാണ് ഗായത്രിയും സുഹൃത്തുക്കളും.
വയനാട്ടിലെ അരണമലയില്‍ നിന്നാണ് ഗായത്രി യാത്രാചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ കാട്ടരുവിയും പാറക്കെട്ടുകളും കാടുമെല്ലാം ഗായത്രി പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാണാം. മഞ്ഞണിഞ്ഞ വിശാലമായ പുല്‍മേടുകള്‍ക്കിടയിലൂടെ നടക്കുന്ന മറ്റൊരു വീഡിയോയുമുണ്ട്.






