
മലയാളികള്‍ക്ക് അടക്കം സുപരിചിതമായ മുഖമാണ് ഉർഫി ജാവേദിന്റേത്. പ്രൊഫഷണല്‍ ജീവിതത്തേക്കാള്‍ ഉർഫി എപ്പോഴും വാർത്തകളില്‍ നിറഞ്ഞിട്ടുള്ളത് വസ്ത്രധാരണത്തിന്റെ പേരിലാണ്. ബിഗ്‌ബോസ് ഒ.ടി.ടി ഒന്നാം സീസണ്‍ മത്സരാര്‍ത്ഥി കൂടിയായിരുന്ന ഉര്‍ഫി മറ്റൊരു ഫാഷൻ ഡിസൈനറും ചിന്തിക്കാൻ പോലും സാധ്യതയില്ലാത്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് എപ്പോഴും ക്യാമറകള്‍ക്ക് മുന്നില്‍ എത്തിയിട്ടുള്ളത്.
ഇതിന്റെ പേരില്‍ ട്രോളുകളില്‍ സ്ഥിരം ഇടം പിടിച്ചിരുന്ന താരത്തിന്റെ ക്രിയേറ്റിവിറ്റി ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഫാഷന്‍ സെന്‍സേഷനായി മാറിത്തുടങ്ങിയത്. ആദ്യകാലത്ത് സ്റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റുകളിലൂടെ ഉര്‍ഫി ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാല്‍ അതൊന്നും മൈന്‍ഡ് ചെയ്യാതെ വേറിട്ട വസ്ത്രധാരണരീതികൊണ്ട് ഉര്‍ഫി ഞെട്ടിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെ സ്റ്റൈല്‍ പരീക്ഷിക്കാമോ എന്ന് ചോദിപ്പിക്കും വിധത്തിലുള്ള ഔട്ട്ഫിറ്റുകള്‍ മുതല്‍ അതിഗംഭീരം എന്ന് പറയിപ്പിക്കുന്ന രൂപത്തില്‍വരെ താരം എത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ഇന്‍ഫിനിറ്റി മിറര്‍ ഡ്രസ്സില്‍ ഫാഷന്‍ സെന്‍സേഷനായി തിളങ്ങുകയാണ് ഉര്‍ഫി ജാവേദ്. ഇരുട്ടില്‍ വെറും ബോക്സുകള്‍ കൂട്ടിയോജിപ്പിച്ചതു പോലെയൊരു ഔട്ട്ഫിറ്റെന്ന് തോന്നുമെങ്കിലും ഉള്ളില്‍ പ്രകാശം വന്നു കഴിയുമ്പോഴാണ് ഡ്രസ്സിലെ മാജിക് പുറത്തേക്ക് വരുന്നത്. ബോക്സിനുള്ളിൽ ഒരിക്കലും അവസാനിക്കാത്ത ഒരു ലൂപ്പിന്റെ മിഥ്യ നൽകുകയാണ് ഉര്‍ഫിയുടെ ഈ പുത്തന്‍ പരീക്ഷണം.
‘‘ഇതൊരു ഇൻഫിനിറ്റി മിറർ ഡ്രസ്സാണ്, ആദ്യം ഇത് ഒരു മിറർ ഡ്രസ്സിന്റെ മിഥ്യ നൽകുന്നു, പക്ഷേ അതിനുള്ളിലെ ലൈറ്റ് ഓൺ ചെയ്യുമ്പോൾ മാജിക് സംഭവിക്കുന്നു, ഇത് ബോക്സിനുള്ളിൽ ഒരിക്കലും അവസാനിക്കാത്ത ഒരു ലൂപ്പിന്റെ മിഥ്യ നൽകുന്നു, വെളിച്ചം ഒരിക്കലും അവസാനിക്കാത്തതുപോലെ...’’ എന്നാണ് ഉര്‍ഫി വീഡിയോ പങ്കിട്ട് ഉര്‍ഫി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ക്രിയേറ്റിവിറ്റിക്ക് പ്രശംസകള്‍ കുറിക്കുന്നത്. ‘ലൈറ്റിംഗ് ഉര്‍ഫി, ഉർഫിക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയൂ, എന്തൊരു ക്രിയേറ്റിവിറ്റി...’ എന്നതടക്കമാണ് കമന്റുകള്‍. പതിവു പോലെ ഈ ഔട്ട്ഫിറ്റും ട്രെന്‍ഡിംഗായി മാറുകയാണ്.






