
ന്യുഡല്‍ഹി: പെഗാസസ് വിവാദത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ബദന് ബി ലോകൂര്‍ കമ്മീഷന്റെ മുമ്പാകെയുള്ള എല്ലാ നടപടികളുമാണ് സ്റ്റേ ചെയ്തത്. വിവാദത്തില്‍ അന്വേഷണത്തിന് സുപ്രീം കോടതി ജസ്റ്റീസ് ആര്.വി രവീന്ദ്രന് അധ്യക്ഷനായ സാങ്കേതിക വിദഗ്ധരുടെ സമിതിയെ നിയോഗിച്ച സാഹചര്യത്തിലാണ് നടപടി. വിദഗ്ധ സമിതി റിപ്പോര്‍ട്ട് വരുന്നവരെ സമാന്തര അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന് കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റീസ് എന്‍.വി രമണ, ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ഹിമ കോഹ്ലി എന്നിവരുടെ ബെഞ്ചിന്റെതാണ് വിധി. അന്വേഷണവുമായി മുന്നോട്ടുപോയ ലോകൂര്‍ കമ്മീഷന്റെ നടപടിയില്‍ കോടതി കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചു. ബംഗാളിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് എ.എം സിംഗ്വി, ലോകൂര്‍ കമ്മീഷന്റ അന്വേഷണം തുടരേണ്ടതില്ലെന്ന് അറിയിക്കുമെന്ന് കോടതിയെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് പാലിക്കാതെ വന്നത് കോടതിയെ പ്രകോപിപ്പിച്ചു.
എന്നാല്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും കോടതിയുടെ ഉത്തരവ് ഇറങ്ങും മുന്‍പ് കമ്മീഷന് അന്വേഷണം ആരംഭിച്ചിരുന്നതായും സിംഗ്വി ചൂണ്ടിക്കാട്ടി.






