
മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകമനസ്സില്‍ ഇടം നേടിയ യുവനിരയിലെ നടനാണ് ഷൈന്‍ ടോം ചാക്കോ. നായകനായി അഭിനയിച്ചിട്ടുണ്ടെങ്കിലും നെഗറ്റീവ് ഷെയ്ഡുള്ള ക്യാരക്ടര്‍ റോളുകള്‍ ചെയ്താണ് ഷൈന്‍ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ കുറുപ്പ് സിനിമയിലെ ഭാസിപ്പിള്ളയ്ക്ക് ശേഷം ശക്തമായൊരു കഥാപാത്രവുമായി എത്തുകയാണ് ഷൈന്‍ ടോം ചാക്കോ. ഭീഷ്മ എന്ന സിനിമയില്‍ നിന്നുമുള്ള ഷൈന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സിഗറ്റ് വലിച്ച് കലിപ്പ് നോട്ടവുമായിട്ടുള്ള ഷൈന്റെ പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് അണിയറ പ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയത്.
അതിനു ശേഷം ഷൈന്‍ എന്ന അഭിനേതാവിനെ കുറിച്ച് മുഖപുസ്തകത്തില്‍ ശ്രദ്ധേയമായൊരു കുറിപ്പ് എഴുതിയിരിക്കുകയാണ് സംവിധായകന് ഭദ്രന്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
‘‘പുകയുന്ന മുറിബീഡിയ്ക്ക് ഒരു ലഹരിയുണ്ട്.
ഷൈൻ ടോം ചാക്കോ ചുണ്ടിൽ ബീഡിയോ സിസറോ പുകയ്ക്കുമ്പോൾ ഇവനൊരു ചുണക്കുട്ടൻ ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ചലച്ചിത്ര അവാർഡ് കമ്മിറ്റിയിൽ ജൂറി ചെയർമാൻ ആയി ഇരിക്കെ, ഏറെ സിനിമകൾ കാണുകയുണ്ടായി. പലതിലും ഷൈൻ ടോം ചാക്കോയുടെ വേഷങ്ങളിൽ ഒരു താളവും പ്രസരിപ്പും അനുഭവിച്ചു. താൻ പറയേണ്ട ഡയലോഗുകൾ കഥാപാത്രങ്ങൾക്ക് ഇണങ്ങുന്ന ശരീരഭാഷയ്ക്കും അതിനോട് ചേർന്ന് നിൽക്കേണ്ട ശബ്ദക്രമീകരണവും സൃഷ്ടിക്കപ്പെടുമ്പോഴാണ്, a genuine actor will form. ഇയാൾ ഇക്കാര്യത്തിൽ സമർത്ഥനാണ്.
ഏറ്റവും ഒടുവിൽ കണ്ട കുറുപ്പിലെ ഭാസിപ്പിള്ള മാത്രമായിരുന്നു പടം കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ നിന്നത്. മോനേ കുട്ടാ, നൈസർഗികമായി കിട്ടിയതൊന്നും നമ്മളായി കളയാതെ സൂക്ഷിക്കുക. ചില മുഖങ്ങൾ കാഴ്ച്ചയിൽ സൗന്ദര്യമുള്ളതാവണമെന്നില്ല. പക്ഷേ, ആ മുഖം പല വേഷങ്ങൾക്കും ഒഴിച്ചു കൂടാൻ പറ്റാത്ത raw material ആണെന്ന് ഓർക്കുക...’’
സംവിധായകന് ഭദ്രന്റെ പോസ്റ്റിന് താഴെ ഒത്തിരി നന്ദിയുണ്ട് സാര്‍, അതില്‍ എല്ലാ അര്‍ഥവും ഉണ്ട് എന്നായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ മറുപടി. ഭദ്രന്റെ നിരീക്ഷണം നൂറ് ശതമാനം ശരിയാണെന്നാണ് ആരാധകര്‍ പറയുന്നത്. സംവിധായകന്റെ പോസ്റ്റിന് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്. ഷൈന്‍ ടോം ചാക്കോയുടെ വേഷങ്ങളില്‍ ഒരു താളവും പ്രസരിപ്പും അനുഭവിച്ചു എന്നും വല്ലാത്തൊരു ഇഷ്ട്ടമാണ് സ്ക്രീനില്‍ 'ഷൈന്‍' ചെയ്യുന്നത് കാണാന്‍, അനായാസ അഭിനയം എന്നിങ്ങനെയുള്ള കമന്റുകള്‍ കൊണ്ട് നിറയുകയാണ് ഫേസ്ബുക്ക് പോസ്റ്റ്.






