ന്യുഡല്‍ഹി: 200 കോടിയുടെ സാന്പത്തിക തട്ടിപ്പ് കേസിലെ മുഖ്യ തട്ടിപ്പുകാരി നടിയും കേസിലെ പ്രതിയായ സുകേഷ് ചന്ദ്രശേഖരന്റെ ഭാര്യയുമായ ലീന മരിയ പോളാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. തട്ടിപ്പിനു പിന്നിലുള്ള തന്ത്രങ്ങള്‍ മെനഞ്ഞ ബുദ്ധി ലീനയുടെതാണ്. തട്ടിപ്പിലെ പ്രധാന റോളും ലീനയ്ക്കാണെന്നും ഇ.ഡി പറയുന്നു.
സുകേഷ് അറസ്റ്റിലായ വാര്‍ത്ത വന്നതോടെ തട്ടിപ്പില്‍ തന്റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും ലീന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് നീക്കം ചെയ്തു. തട്ടിപ്പിനെ കുറിച്ച് തനിക്ക് ഒരു അറിവും ഇല്ലാത്ത വിധത്തില്‍ അവര്‍ അഭിനയിച്ചു. പണഇടപാടുകളിലും ലീന സംയമനം പാലിച്ചിരുന്നു. കൂട്ടുപ്രതികളായ അരുണ്‍ മുത്തു, ആനന്ദ് മൂര്‍ത്തി, ജഗദീഷ് എന്നിവരെ തന്റെ പങ്ക് പുറത്തുവരാതിരിക്കാന്‍ ലീന ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
സുകേഷ് ചന്ദ്രശേഖരനെ നടി ജാക്വലിന് െഫെര്ണാണ്ടസുമായി ബന്ധപ്പെടുത്തിയത് അടുത്തകാലത്ത് അറസ്റ്റിലായ പിങ്കി ഇറാനിയാണ്. പിങ്കിയേയും സുകേഷിനെയും ജയിലില്‍ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജാക്വലിനേയും മറ്റൊരു നടി നോറ ഫത്തേഹിയേയും പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേരെ ഇതിനകം ചോദ്യം ചെയ്തുവെന്നും ഇ.ഡി വ്യക്തമാക്കി.
തട്ടിപ്പിലൂടെ ലഭിച്ച പണം സുകേഷ് വഴി വിദേശത്ത് നിക്ഷേപിച്ചിരിക്കാമെന്നാണ് ഇ.ഡിയുടെ നിഗമനം. 21 കേസുകളില്‍ പ്രതിയാണ് സുകേഷ്.






