
ലണ്ടന്‍ : ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം യുകെയില്‍ അതിതീവ്രം. രാജ്യത്ത് 25,000 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
24 മണിക്കൂറിനുള്ളില്‍ 10,000 കേസുകള്‍ വര്‍ധിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) അറിയിച്ചു.
വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് 7 പേര് ഒമിക്രോണ്‍ ബാധിച്ചു മരിച്ചു.
വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാകുന്നവര്‍ 65ല്‍നിന്ന് 85 ആയി ഉയര്‍ന്നുവെന്നും യുകെഎച്ച്എസ്എ പറഞ്ഞു.
നഗരത്തിൽ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ലണ്ടന്‍ മേയര്‍ അതീവജാഗ്രത പ്രഖ്യാപിച്ചു. യൂറോപ്യന്‍ രാജ്യങ്ങള്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്കു നീങ്ങുകയാണ്.
ഫ്രാന്‍സും ഓസ്ട്രിയയും യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പാരിസിലെ വെടിക്കെട്ട് ഉള്‍പ്പെടെ പുതുവത്സര ആഘോഷം ഉപേക്ഷിച്ചു.
നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പാരിസില്‍ പ്രതിഷേധവും ശക്തമായി. ഡെന്മാര്ക്കില് തിയറ്ററുകളും അമ്യൂസ്മെന്റ് പാര്‍ക്കുകളും മ്യൂസിയങ്ങളും അടച്ചു. അയര്‍ലന്‍ഡില്‍ രാത്രി 8നു ശേഷം കര്‍ഫ്യൂ നിലവില്‍ വന്നു. ഭാഗിക ലോക്ഡൗണ്‍ നിലവിലുള്ള നെതര്‍ലന്‍ഡ്സ് സമ്പൂര്‍ണ ലോക്ഡൗണിലേക്കു നീങ്ങുന്നതായാണു സൂചന.
മാസ്ക് നിര്‍ബന്ധമാക്കിയതിനു പുറമേ യുകെയില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് വാക്സിനേഷന്/കോവിഡ് നെഗറ്റീവ് രേഖയും നിര്‍ബന്ധമാക്കി. തൊഴില്‍ സംബന്ധമല്ലാത്ത അനാവശ്യ കൂടിച്ചേരലുകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്താനും നീക്കമുണ്ട്.






