
കുന്നംകുളം: കുടുംബം മുഴുവനുമായി നടത്തിയ ആത്മഹത്യാശ്രമത്തില്‍ കുടുംബനാഥനും മകളും മരണമടഞ്ഞു. മാതാവും മകനും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. പഴഞ്ഞിസ്വദേശികളായ കുടുംബം ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് ആത്മഹത്യാശ്രമം നടത്തിയതെന്ന് പോലീസ് പറയുന്നു.
പ്രവാസിയായ സിബി, ഭാര്യ ബീന, മകള്‍ അലീന, മകന്‍ ആദിത്യന്‍ എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതയ്. സിബിയും 18 കാരിയായ മകള്‍ അലീനയുമാണ് മരണമടഞ്ഞത്. ആദിത്യനും ബീനയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ആദിത്യനാണ് രാവിലെ പോലീസിനെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് വീട്ടിലെത്തിയ പോലീസ് ആദിത്യനും ബീനയും ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സിബിയും അലീനയും സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം.
ആദിത്യന്‍ വിഷം കഴിച്ച നിലയിലാണ്. പ്രവാസിയായ സിബി കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്. ഖത്തറിലായിരുന്ന ഇയാളുടെ ജോലി നഷ്ടമായിരുന്നു. കുടുംബത്തിന്റെ സാമ്പത്തീകനില സംബന്ധിച്ച അന്വേഷണങ്ങള്‍ നടന്നുവരികയാണ്. അലീനയും ആദിത്യനും പഠിക്കാന്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളാണ്. നീറ്റ് പരീക്ഷ എഴുതി നില്‍ക്കുയാണ് അലീന. ആദിത്യന്‍ ബിടെക്കിന് പോകാനുള്ള തയ്യാറെടുപ്പിലുമായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത മാനസീകപ്രതിസന്ധി നേരിടുമ്പോള്‍ വിദഗ്ദ്ധരെ സമീപിക്കുക.)






