
കൊല്ലം : പപ്പടത്തിനും ലെയ്‌സിനും വേണ്ടി അടികൂടിയതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഐസ്‌ക്രീമിന്റെ പേരിലും കൊല്ലത്ത് വധുവിന്റെയും വരന്റെയും ആളുകള്‍ തമ്മില്‍ കൂട്ടയടി. കല്യാണത്തിന് എത്തിയ വധുവിന്റെ ആളുകള്‍ക്ക് ഐസ്‌ക്രീം കിട്ടിയില്ലെന്ന് പറഞ്ഞായിരുന്നു തല്ലെന്നായിരുന്നു വിവരം.
കൊല്ലത്ത് പള്ളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. വിവാഹത്തിനായി വധുവിനൊപ്പം എത്തിയ ആള്‍ക്കാര്‍ കാറ്ററിംഗുകാരോട് ഐസ്‌ക്രീം ആവശ്യപ്പെട്ടു. ആദ്യം ഇത് നല്‍കിയ കേറ്ററിംഗുകാര്‍ വീണ്ടും ഐസ്‌ക്രീം ആവശ്യപ്പെട്ടപ്പോള്‍ തീര്‍ന്നെന്ന് പറയുകയായിരുന്നു. തുടര്‍ന്നായിരുന്നു അടി തുടങ്ങിയത്. ഇത് പിന്നീട് വരന്റെ ആള്‍ക്കാരും വധുവിന്റെ ആള്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലായി മാറി.
കൂട്ടത്തല്ല് നിയന്ത്രണം വിട്ടതോടെ പോലീസ് എത്തി രംഗം ശാന്തമാക്കുകയായിരുന്നു. സമാധാനത്തിനായി ചിലരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തതായിട്ടാണ് വിവരം. നേരത്തേ തന്നെ വധുവിന്റെയും വരന്റെയും ആള്‍ക്കാര്‍ തമ്മില്‍ ചെറിയ പ്രശ്‌നം ഉടലെടുത്തിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.






