മുംബൈ: മദ്യരാജാവ് വിജയ് മല്യയുടെ ഉള്‍പ്പെടെ ഏഴായിരം കോടി രൂപ എഴുതിത്തള്ളാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ശുചീകരണ തൊഴിലാളി. മല്യയുടെ ലോണ്‍ എഴുതിത്തള്ളിയാല്‍ തന്റെ പേരിലുള്ള ഒന്നര ലക്ഷം രൂപയുടെ വായ്പയും എഴുതിത്തള്ളണമെന്ന് നാസിക് സ്വദേശിയായ ശുചീകരണ തൊഴിലാളി ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ത്രികമ്പേശ്വര് മുനിസിപ്പല്‍ കൗണ്‍സിലില്‍ ശുചീകരണ തൊഴിലാളിയായ ഭാവുറാവു സോനാവാനെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കത്തയച്ചത്. വിജയ് മല്യയുടെ വായ്പ എഴുതിത്തള്ളാനുള്ള നല്ല തീരുമാനത്തെ താന്‍ എസ്.ബി.ഐയ്ക്കുള്ള കത്തില്‍ പ്രശംസിച്ചിട്ടുണ്ടെന്ന് സോനാവാനെ പറഞ്ഞു.
അതേമാതൃകയില്‍ തന്റെ ലോണും എഴുതിത്തള്ളണമെന്നും സോനാവാനെ പറഞ്ഞു. മകന്റെ ചികിത്സയ്ക്കായി എടുത്ത വായ്പയാണ് എഴുതിത്തള്ളണമെന്ന് സോനാവാനെ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ കത്തിനോട് ബാങ്ക് മാനേജര്‍ പ്രതികരിച്ചിട്ടില്ലെന്നും സോനാവാനെ കൂട്ടിച്ചേര്‍ത്തു.






