
തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട അജ്ഞാത വാസത്തിനൊടുവില്‍ എം.ശിവശങ്കര്‍ തിരിച്ചെത്തുന്നു. ശിവശങ്കറിന്റെ സസ്പെന്ഷന് പിന്‍വലിക്കാന്‍ ഉന്നതതല സമിതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തു. ഇതു സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിക്കുകയാണ്. രണ്ടു തവണത്തെ സസ്പെന്ഷന് കാലവധി ഇന്ന് അവസാനിക്കുന്നതോടെ ശിവശങ്കറിന്റെ മടങ്ങി വരവ് ഏതു നിമിഷവുമുണ്ടാകും. തിരിച്ചെടുത്തു കൊണ്ടുള്ള ഉത്തരവിനായി കാത്തിരിക്കുകയാണ് ശിവശങ്കര്‍. ഏതു തസ്തികയിലായിരിക്കും ശിവശങ്കറിന്റെ നിയമനം എന്നതും ഏവരും ഉറ്റുനോക്കുന്നു.
സ്വര്‍ണക്കടത്ത് കേസിന് ഇതുവരെ ക്ലൈമാക്സായിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ സ്വര്‍ണക്കടത്തില്‍, സര്‍ക്കാരിന്റെ അതിവിശ്വസ്തനായിരുന്ന ശിവശങ്കര്‍ കുടുങ്ങിയതിന്റെ ഞെട്ടലില്‍ നിന്ന് ഇടതു കേന്ദ്രങ്ങളില്‍ നിന്ന് ഇന്നും മാറിയിട്ടില്ല. വിഷയം പ്രതിപക്ഷം തിരഞ്ഞെടുപ്പ് നാളുകളില്‍ ആളിക്കത്തിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാമതും പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതോടെ കത്താത്ത പന്തം പോലെയായി ആരോപണങ്ങളെല്ലാം.
ജാമ്യത്തിലിറങ്ങിയ ശേഷം അജ്ഞാത വാസത്തിലാണ് ശിവശങ്കര്‍. ശിവശങ്കറിന്റെ സര്‍വ്വീസ് ജീവിതം ഉദ്യോഗഭരിതമാണ്. ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ നിയന്ത്രിച്ചിരുന്ന പ്രധാനികളില്‍ ഒരാളാണ് അദേഹം. 2023 ജനുവരി വരെയാണ് ശിവശങ്കറിന് സര്‍വ്വീസ് കാലാവധിയുളളത്.
അറസ്റ്റിന് ശേഷം 98 ദിവസം ജയില്‍ വാസം അനുഭവിച്ചു. 2020 ഫെബ്രുവരി നാലിന് ശിവശങ്കര്‍ ജാമ്യത്തില്‍ ഇറങ്ങി. സ്വപ്ന അനധികൃതപണമിടപാടുകള്‍ നടത്തിയത് ശിവശങ്കറിന് വേണ്ടിയെന്നാണ് ഇ.ഡി നിഗമനം. എന്നാല്‍ വേണ്ടത്ര തെളിവുകള്‍ കണ്ടെത്താന്‍ ഇ.ഡിക്ക് ആയില്ല. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ പണം ലൈഫ് മിഷനില്‍ ശിവശങ്കറിന് കിട്ടിയ കമ്മിഷനെന്നാണ് ഇ.ഡി പറയുന്നത്. അതും ഫലം കണ്ടില്ല. മുഖ്യമന്ത്രി ഇതുവരെ കടുത്ത ഭാഷയില്‍ ശിവശങ്കറിനെ വിമര്‍ശിച്ചിട്ടില്ല. ശിവശങ്കറിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാര്‍ വിശ്വസിച്ചിട്ടുമില്ല.
അതു കൊണ്ടാണ് ഇ.ഡിക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയതും കോടതി ഇടപെടലുകള്‍ ഉണ്ടായതും. കഴിഞ്ഞ ജൂലായ് 16നായിരുന്നു ആദ്യ സസ്പെന്ഷന്. പിന്നീട് രണ്ടാമതും. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഓക്ടോബര്‍ 28 ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ തലസ്ഥാനത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ നിന്ന് ശിവശങ്കറിനെ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഉയര്‍ച്ചയും വീഴ്ചയും താഴ്ചയും അടങ്ങുന്ന സര്‍വ്വീസ് ജീവിതം ശിവശങ്കറിന് പരിചിതമാണ്. പുതുവത്സരത്തില്‍ ശിവശങ്കറിനെ കാത്തു നില്‍ക്കുന്നത് വെല്ലുവിളികളാണോ അതോ ശുഭകരമായ ദിനങ്ങളാണോ. കാത്തിരുന്നു കാണാം..






