
ഏതൊരാളെയും തിരിച്ചറിയപ്പെടാന്‍ സഹായിക്കുന്ന ഒന്നാണ് അവരുടെ പേര്. മക്കള്‍ക്ക് അര്‍ത്ഥമുള്ളതും വ്യത്യസ്തവുമായ പേര് നല്കാന് മാതാപിതാക്കളും ശ്രദ്ധിയ്ക്കാറുണ്ട്. മക്കള്‍ക്ക് പേരിടാന്‍ സോഷ്യല്‍മീഡിയയുടെ സഹായവും പല മാതാപിതാക്കളും തേടാറുണ്ട്. കൊറോണക്കാലത്ത് പല വ്യത്യസ്തമായ പേരുകളും നമ്മള് കേട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നീളമേറിയ പേരാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
സാന്ദ്ര വില്ല്യംസ് എന്ന അമ്മ 1984-ലാണ് തന്റെ മകള്‍ക്ക് ഏറ്റവും നീളം കൂടിയ പേര് നല്‍കിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അവളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ Rhoshandiatellyneshiaunneveshenk Koyaanisquatsiuth Williams എന്നാണ് പേര് എഴുതി നല്‍കിയത്. വായിച്ചെടുക്കാന്‍ പോലും ബുദ്ധിമുട്ടുള്ള ഈ പേരിലും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തൃപ്തരല്ലായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ പേരിന് ഒരു ഭേദഗതി ഫയല്‍ ചെയ്യുകയും 36 അക്ഷരങ്ങളുടെ മധ്യനാമവും ചേര്‍ത്തു. ഇതോടെ കുട്ടിയുടെ പേര് Rhoshandiatellyneshiaunneveshenkescianneshaimondrischlyndasaccarnaerenquellenendr എന്നായി. കുട്ടിയുടെ പേര് ഇത്രയും നീളം കൂടിയത് ആയതിനാല്‍ അവളെ സുഹൃത്തുക്കള്‍ വിളിയ്ക്കുന്നത് ജാമി എന്നാണ്.
ജാമിയുടെ മുഴുവന്‍ പേരിന് 1019 അക്ഷരങ്ങളുണ്ട്. ജാമിയുടെ ജനനസര്‍ട്ടിഫിക്കറ്റ് രണ്ട് അടി നീളമുള്ളതാണ്. വില്യംസിന്റെ കുടുംബം ഗിന്നസ് റെക്കോര്‍ഡ് തകര്‍ത്തതിന് ശേഷം, ടെക്സാസ് അതിന്റെ നിയമം തന്നെ മാറ്റി. ജനന സര്‍ട്ടിഫിക്കറ്റ് ഫോമിലെ 'പേര്' ബോക്സില്‍ കൊള്ളാവുന്ന പേര് മാത്രമേ കുട്ടികള്‍ക്ക് നല്‍കാവൂ എന്നായിരുന്നു നിയമം.
മകളുടെ ഈ വമ്പന്‍ പേരിന്റെ പേരില്‍ 1997-ല്‍ ഓപ്രയ്ക്കൊപ്പം ജാമിയും അമ്മയും അതിഥികളായിരുന്നു. ഈ പേരിനെ കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്ന് അന്ന് ചോദിച്ചപ്പോള്‍, ജാമിയുടെ അമ്മ സാന്ദ്രയുടെ മറുപടി ഇങ്ങനെയായിരുന്നു. '' ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തകര്‍ക്കാന്‍ എനിക്ക് എന്തെങ്കിലും ചെയ്യേണ്ടിയിരുന്നു. അവളുടെ പേര് ആര്‍ക്കും ഇല്ലാത്ത തരത്തിലുള്ളതാവണമെന്നും അവളുടെ പേര് മറ്റാരുടെയും പോലെയാകരുത് എന്നും ഞാനാഗ്രഹിച്ചു. അത് വ്യത്യസ്തമാവണം എന്നും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടണമെന്നും ഞാനാഗ്രഹിച്ചു.'' -സാന്ദ്ര പറഞ്ഞു.






