
ഒന്നരപതിറ്റാണ്ടിലധികമായി മലയാള സിനിമാഗാനരംഗത്ത് വേറിട്ട ശബ്ദമായി നിലകൊള്ളുകയാണ് ഗായിക സിതാര കൃഷ്ണകുമാര്‍. മലയാള സിനിമയുടെ ഒരു കംപ്ലീറ്റ് പാക്കേജ് കൂടിയാണ് സിതാര. ഗായിക, അഭിനേത്രി, സംഗീത സംവിധായിക, ചടുല താളത്തിനൊത്ത് ഭംഗിയായി ചുവടു വയ്ക്കുന്ന നര്‍ത്തകി എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെ കഴിവു തെളിയിച്ച കലാകാരിയാണ് സിതാര. ടെലിവിഷനിലും ശ്രദ്ധേയ സാന്നിധ്യമായ സിതാര, ഇപ്പോൾ പാൻ ഇന്ത്യൻ ബിഗ് ബജറ്റ് സിനിമയായ പുഷ്പയിൽ സാമി സാമി എന്ന ഗാനമാലപിച്ച് തെന്നിന്ത്യയുടെ ഒട്ടാകെ ശ്രദ്ധയും കൈയ്യടക്കി. ഗാനഗന്ധര്വ്വന് യേശുദാസിനെ സിതാര മനസ്സില്‍ സൂക്ഷിക്കുന്നത് ഗുരുവായി മാത്രമല്ല, ദൈവതുല്യനായി കൂടിയാണ്. വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങിയ സംഗീതഗന്ധര്വ്വന്റെ 82-ാം ജന്മദിനത്തിന്റെ മാധുര്യം സിതാര പങ്കുവയ്ക്കുകയാണ്.
ദാസേട്ടന്... എനിക്ക് ദാസ് സാര്‍... ആ ഒറ്റവാക്കു മാത്രം മതി മലയാളികള്‍ നെഞ്ചോടു ചേര്‍ക്കാന്‍. എന്റെ അമ്മയും അച്ഛനുമടക്കം കുടുംബത്തിലെ എല്ലാവരും അദ്ദേഹത്തിന്റെ ആരാധകരാണ്. ഇന്നും സംഗീത ഗന്ധര്‍വ്വനായി അവര്‍ മനസ്സില്‍ സൂക്ഷിക്കുന്നത് അദ്ദേഹത്തെ തന്നെയാണ്.
ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് കോഴിക്കോട് ബാബുരാജ് മെമ്മോറിയല്‍ മ്യൂസിക്ക് അക്കാഡമിയില്‍ ഒരു കോമ്പറ്റീഷനുണ്ടായിരുന്നു. മത്സരത്തില്‍ പങ്കെടുത്ത് അതിന്റെ ഫൈനലില്‍ എത്തുന്ന കുട്ടികള്‍ക്ക് യേശുദാസ് സാറിന്റെയും ജാനകിയമ്മയുടെയും മുന്നില്‍ പാടാനുള്ള അവസരം ഉണ്ടായിരുന്നു. അമ്മ എന്നെ അതില്‍ പങ്കെടുപ്പിച്ചത് സമ്മാനം കിട്ടാന്‍ വേണ്ടിയായിരുന്നില്ല, മറിച്ച് ദാസ് സാറിനെയും ജാനകിയമ്മയെയും അവര്‍ക്ക് നേരിട്ട് കാണാന്‍ വേണ്ടിയായിരുന്നു. അമ്മയടക്കം എല്ലാവരും ദാസ് സാറിനെ അത്രകണ്ട് ഇഷ്ടപ്പെട്ടിരുന്നു, ബഹുമാനിച്ചിരുന്നു.
സാധാരണ ഒരു കോമ്പറ്റീഷനും ഞാന്‍ പങ്കെടുക്കണമെന്ന് അമ്മ നിര്‍ബന്ധം പിടിക്കാറില്ല. പക്ഷേ ഇക്കാര്യത്തില്‍ അമ്മ എന്നെ നിര്‍ബന്ധിച്ചു മത്സരിപ്പിച്ചു. ‘ഇതൊന്ന് പാടിയിട്ട് അവസാന റൗണ്ട് വരെയെത്തിയാല്‍ മതി. അല്ലാതെ നീ സമ്മാനം വാങ്ങണ്ട’’ അമ്മ എന്നോട് പറഞ്ഞത് അങ്ങനെയാണ്. ഞാനങ്ങനെ മത്സരിച്ചു, വിജയിക്കുകയും ചെയ്തു. അന്നാണ് ആദ്യമായിട്ട് ദാസേട്ടനൊപ്പം നില്ക്കുന്ന ഒരു ചിത്രം എടുത്തത്.
സമ്മാനം വാങ്ങിയ ശേഷം കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയ എന്നെ അദ്ദേഹം തോളില്‍ പിടിച്ചു എഴുന്നേല്‍പ്പിച്ചു. എന്നിട്ട് തന്റെ രണ്ടു കൈകള്ക്കുള്ളിലുമായി എന്റെ മുഖം പിടിച്ചു കൊണ്ട് അതീവ വാത്സല്യത്തോടെ അനുഗ്രഹിച്ചു. എനിക്കു മാത്രമല്ല എന്റെ വീട്ടിലുള്ളവര്‍ക്ക് പോലും ആ നിമിഷം വിസ്മരിക്കാനാവാത്തതാണ്. അന്ന് രാത്രി മുഴുവന്‍ ഈ കഥ പറഞ്ഞും സന്തോഷിച്ചും ഞങ്ങള്‍ ഉറങ്ങാതെ കഴിച്ചു കൂട്ടി.
പിന്നെ അദ്ദേഹത്തില്‍ നിന്ന് സമ്മാനം വാങ്ങുന്നത് പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. അദ്ദേഹത്തിന്റെ പേരിലുള്ള ഗന്ധര്‍വ്വസംഗീതത്തില്‍ ഞാന്‍ മത്സരിച്ചിരുന്നു. അതില്‍ പങ്കെടുത്ത് ഫൈനലില്‍ ദാസ് സാറിന്റെ മുന്നില്‍ പാടി. വിജയിച്ചപ്പോള്‍ എനിക്ക് സമ്മാനം നല്‍കിയത് സാറാണ്. അന്ന് സമ്മാനം വാങ്ങിയ യൂണിഫോമിട്ട കുട്ടിയില്‍ നിന്ന് വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങള്‍ കടന്നപ്പോഴും എന്റെയുള്ളിലേക്ക് സംഗീതം ആഴത്തില്‍ അലിഞ്ഞിറങ്ങാന്‍ തുടങ്ങി. പതിയെ സംഗീതം എന്റെ ജീവാംശമായി മാറി.

അങ്ങനെ ചില സംഗീതപരിപാടികളും ഷോകളുമൊക്കെ ചെയ്തു തുടങ്ങി. 2012 ലാണ് സിംഗപ്പൂരില്‍ ഒരു ഷോയില്‍ പങ്കെടുക്കാന്‍ പോയത്. ആ ഷോയിലന്ന് ദാസ് സാര്‍, വിജയ് യേശുദാസ്, ഗായത്രി ചേച്ചി ഇവരൊക്കെ ഉണ്ട്. അവിടെ വച്ച് ദാസ് സാറിനൊപ്പം വേദി പങ്കിട്ടു, ‘ഓ സൈനബാ’ എന്ന പാട്ടു പാടാണ് അദ്ദേഹത്തിനൊപ്പം പാടിയത്.
എനിക്കിന്നും ഓര്‍മ്മയുണ്ട് ആ വേദി. പാടുന്നതിന് മുമ്പ് പ്രാക്ടീസൊക്കെ ചെയ്യുമ്പോള്‍ എനിക്ക് വല്ലാത്ത ടെന്‍ഷനായിരുന്നു. ഞാനിങ്ങനെ മാറി മാറി നിന്ന് ടെന്‍ഷനടിക്കുന്നത് അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. എന്റെയടക്കമുള്ളവരുടെ ടെന്‍ഷന്‍ എന്താണെന്ന് അദ്ദേഹത്തിന് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. അതു കണ്ടിട്ടാവണം അദ്ദേഹം എന്റെയടുത്തേക്ക് വന്നിട്ട്, ‘‘നമ്മള് നില്ക്കുന്ന സ്ഥലം, അതായത് രണ്ടു കാലുറപ്പിച്ച് നില്ക്കുന്ന സ്ഥലം അത് നമ്മുടെ സ്വന്തമാണ്. അവിടെ ഗുരുനാഥനല്ല, ദൈവം വന്നാലും നമ്മള് ചെയ്യുന്ന പ്രവര്‍ത്തിയില്‍ മാത്രം ശ്രദ്ധിക്കുക. ആരുടെ കൂടെ നിന്ന് പാടിയാലും അതുകൊണ്ട് ടെന്‍ഷനടിക്കാതെ പാടണം’’ ഇന്നും ഓരോ വേദിയിലേക്ക് കയറുമ്പോഴും അദ്ദേഹം പറഞ്ഞ ആ വാചകങ്ങള്‍ എന്റെ ചെവിയില്‍ മുഴങ്ങാറുണ്ട്. അന്ന് ഞാന്‍ ആ ഷോയില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ എന്റെയൊപ്പം മകളുമുണ്ട്. അവള്‍ക്കന്ന് രണ്ടു മാസമാണ് പ്രായം. ദാസ് സാര്‍ അവളെയുമന്ന് അനുഗ്രഹിച്ചു. അദ്ദേഹത്തിനൊപ്പം അവളുടെ ഫോട്ടോയുമെടുത്തു. ഇന്നും അവള്‍ക്കു വേണ്ടി അമൂല്യമായി കാത്തുസൂക്ഷിക്കുന്ന നിധിയാണത്.
ദാസ് സാറിനെ ഇടയ്ക്ക് കാണുന്നത് സമം (സിംഗേഴ്സ് അസോസിയേഷന് മലയാളം മൂവീസ്) ത്തിന്റെ മീറ്റിംഗിലാണ്. കാണുമ്പോള്‍ ഓടിച്ചെല്ലും, അനുഗ്രഹം വാങ്ങും. മാറി നിന്ന് അതിശയത്തോടെ നോക്കും അത്രയൊക്കെയുള്ളൂ. ഗുരുവിനേക്കാള്‍ മുകളിലാണല്ലോ അദ്ദേഹത്തിന്റെ സ്ഥാനം.
അദ്ദേഹത്തിനൊപ്പം ഒരു ഡ്യൂയറ്റ് പാടാന്‍ കഴിഞ്ഞിട്ടില്ല എന്നൊരു സങ്കടമുണ്ട്. ഒരു പാട്ടെങ്കിലും പാടണം എന്നത് എന്റെ വലിയൊരു സ്വപ്നമാണ്. അദ്ദേഹം പാടിയ ചില പാട്ടുകളുടെ ഫീമെയില്‍ വേര്‍ഷന്‍ ഞാന്‍ പാടിയിട്ടുണ്ട്. അതുമൊരു സന്തോഷം.
സംഗീതത്തിനോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം സംഗീതമേഖലയില്‍ ഉള്ളവര്‍ക്കു മാത്രമല്ല കലാമേഖലയിലുള്ള എല്ലാവര്‍ക്കുമുള്ള മാതൃകയാണ്. അവനവന്റെ കലയോട് ഇത്രയധികം സമര്‍പ്പണമുള്ള ആളിനെ എന്റെയൊക്കെ കാലഘട്ടത്തില്‍ കാണാനും സംസാരിക്കാനും അനുഗ്രഹം വാങ്ങിക്കാനും കഴിയുന്നു എന്നുള്ളത് തന്നെയാണ് വലിയ ഭാഗ്യം. ആയിരം വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രതിഭാസമാണ് അദ്ദേഹം. അദ്ദേഹത്തെ കണ്ടു എന്നുള്ളത് തന്നെയാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടം. അദ്ദേഹത്തിന്റെ പാട്ടുകളില്‍ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ കുറഞ്ഞത് ആയിലമെണ്ണമെങ്കിലും കാണും. ‘നിറങ്ങളെ പാടൂ’ ഒക്കെ ഏറ്റവും വലിയ ഇഷ്ടങ്ങളില്‍ പെടും.
ഈ ജന്മദിനത്തില് ആയുരാരോഗ്യ സൗഖ്യത്തോടെ അദ്ദേഹം ഇനിയും ഒരുപാട് നാള് നമുക്കിടയില്‍ ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥന മാത്രമാണുള്ളത്. ഇനിയും നിറയെ കച്ചേരികള്‍ പാടട്ടെ, പാട്ടുകള്‍ പാടട്ടെ, അദ്ദേഹം സന്തോഷത്തോടെയിരിക്കട്ടെ, എനിക്കുള്പ്പടെയുള്ള സംഗീതപ്രേമികള്‍ക്ക് അത് കാണാനുള്ള ഭാഗ്യം ഉണ്ടാകട്ടെ.