
പല തുറന്നു പറച്ചിലുകളിലൂടെയും വിവാദം സൃഷ്ടിച്ച ബോളിവുഡ് താരമാണ് സ്വര ഭാസ്കര്‍. രാഷ്ട്രീയ കാഴ്ച്ചപ്പാടിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ക്കും ഇരയാകുന്നയാളാണ് സ്വര. തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം കഴിഞ്ഞ ദിവസം സ്വര ആരാധകരുമായി പങ്കുവെച്ചിരുന്നു. നിലവില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും രണ്ട് ഡോസ് വാക്സിന് എടുത്തതിനാല്‍ ഗുരുതരമാവില്ലെന്ന് പ്രത്യാശിക്കുന്നതായും സ്വര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
താരത്തിന് എത്രയും അസുഖം ഭേദമാകട്ടെയെന്ന് കുറച്ച് പേര് കമന്റ് ചെയ്തപ്പോള്‍, മറ്റ് ചിലര്‍ താരത്തിന്റെ മരണ വാര്‍ത്തയ്ക്കായി കാത്തിരിയ്ക്കുകയാണെന്നാണ് പ്രതികരിച്ചത്. മാത്രമല്ല, 2022-ല്‍ തങ്ങള്‍ കേള്‍ക്കുന്ന ഏറ്റവും നല്ല വാര്‍ത്ത ഇതായിരിക്കുമെന്നും മരിച്ച് നരകത്തില്‍ പോലും സ്വരയ്ക്ക് ഇടം ലഭിക്കരുതെന്നും സ്വരയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നും ട്വീറ്റുകള്‍ പ്രചരിച്ചു.
ഇപ്പോള്‍ ഇത്തരം ട്വീറ്റുകള്‍ക്ക് പ്രതികരണവുമായി എത്തിയിരിയ്ക്കുകയാണ് സ്വര ഭാസ്കര്‍. '' സുഹൃത്തുക്കളെ, നിങ്ങളുടെ വികാരങ്ങള്‍ ഒന്ന് കണ്ട്രോള് ചെയ്യൂ, ഒരുപക്ഷേ, എനിക്കെന്തെങ്കിലും പറ്റിയാല്‍ നിങ്ങളുടെ നിത്യേനയുള്ള ജോലി നഷ്ടമാകും. പിന്നെയെങ്ങനെ കുടുംബം നോക്കാന്‍ കഴിയും? '' -ഇതായിരുന്നു സ്വരയുടെ മറുപടി. സ്വരയുടെ മറുപടി ട്വീറ്റിന് പിന്നാലെ നിരവധി പേരാണ് താരത്തെ പിന്തുണച്ച് എത്തിയത്.






