റൈഡര്‍മാരുടെ ഇഷ്ട ബൈക്കാണ് റോയല്‍ എന്‍ഫീല്‍ഡ്. റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ പരിഷ്ക്കരിച്ച ഹിമാലയന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അവതരിപ്പിച്ചത്. 2021-ല്‍ 10,000 രൂപയോളം ഓരോ പതിപ്പുകള്‍ക്കും വില കൂട്ടിയാണ് വിപണിയില്‍ എത്തിയത്. പിന്നീട് കഴിഞ്ഞ വര്‍ഷം ജൂലായിലും സെപ്റ്റംബറിലും ഹിമാലയന്റെ വില ഏകദേശം 5000 രൂപയോളം വര്‍ദ്ധിപ്പിച്ചിരുന്നു.
അടുത്തിടെ ഹിമാലയന്റെ വില റോയല്‍ എന്‍ഫീല്‍ഡ് വീണ്ടും വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്. 4,253 രൂപ വരെയാണ് ഹിമാലയന്‍ വില വര്‍ദ്ധിച്ചിരിക്കുന്നത്. മിറാജ് സിവര്‍, ഗ്രാവല്‍ ഗ്രേ എന്നീ നിറത്തിലുള്ള ഹിമാലയന്റെ പുതുക്കിയ വില 2,14887 ആണ്. ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നീ നിറത്തില്‍ എത്തുന്ന ഹിമാലയന്റെ പുതുക്കിയ വില 2,18,706 രൂപയാണ്. പൈന്‍ ഗ്രീന്‍, ഗ്രാനൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലുള്ള ഹിമാലയന്റെ വില 2,22,526 രൂപയാണ്.
പരിഷ്കരണത്തിന്റെ ഭാഗമായി ഹിമാലയനില്‍ ട്രിപ്പര്‍ നാവിഗേഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിളിന്റെ സഹകരണത്തില്‍ തയ്യാറാക്കിയിരിക്കുന്ന ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ ആണ് ട്രിപ്പര്‍ നാവിഗേഷന്‍. ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ വലതുവശത്തായാണ് ട്രിപ്പര്‍ നാവിഗേഷന്റെ ഡിസ്പ്ലേ ഒരുക്കിയിരിക്കുന്നത്. ട്രിപ്പര്‍ നാവിഗേഷന്‍ പ്രത്യേകം ഡിസ്പ്ലേയാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ഒരുക്കിയിരിക്കുന്നത്. ഇതിനായി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും മുന്‍പിലുള്ള വിന്‍ഡ്സ്ക്രീനിലും മാറ്റം വരുത്തിയിട്ടുണ്ട്.






