
ബോളിവുഡ് താരം എവ്ലിൻ ശർമ്മ പ്രേക്ഷകരുടെ പ്രിയ താരമാണ്. യേ ജവാനി ഹേ ദീവാനി,സഹോ എന്നീ ചിത്രങ്ങളിലെ വേഷങ്ങളാണ് എവ്ലിനെ ശ്രദ്ധേയയാക്കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അടുത്തിടെ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങള്‍ വിമര്‍ശനങ്ങളുണ്ടാക്കിയിരുന്നു. തന്റെ രണ്ട് മാസം പ്രായമായ മകൾ അവാ ബിന്ദിയെ മുലയൂട്ടുന്ന ചിത്രങ്ങളായിരുന്നു നടി പോസ്റ്റ് ചെയ്തത്. കൂടാതെ ക്ലസ്റ്റർ ഫീഡിംഗ് താരത്തിന്റെ ദിനചര്യയുടെ ഭാഗമാകുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. എന്നാലതിനെതിരെ സൈബര്‍ ആക്രമണങ്ങളെത്തി. എന്തിലും ഏതിലും തെറ്റ് കാണുന്ന കുറച്ചുപേർ ചിത്രം അശ്ലീലമാണെന്നു വിശേഷിപ്പിച്ചതിനെത്തുടര്‍ന്ന് അതിനെ വിമർശിക്കുന്നവർക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി താരം രംഗത്തെത്തിയിരിക്കുകയാണ്.
മുലയൂട്ടുന്ന ചിത്രങ്ങൾ ഒരിക്കലും ദൗർബല്യമല്ല. ശക്തിയാണു കാണിക്കുന്നത്.ആ ചിത്രങ്ങൾ മനോഹരം എന്നാണ് എനിക്കു തോന്നിയത്. മുലയൂട്ടുക എന്നത് ആരോഗ്യപരവും ജീവന്റെ നിലനിൽപിന്റെ അടയാളവുമാണ്. മാറിടമുള്ളതുകൊണ്ടാണല്ലോ സ്ത്രീകൾക്കു മുലയൂട്ടാൻ കഴിയുന്നത്. അതിൽ അഭിമാനിക്കുകയല്ലേ വേണ്ടത്. നാണിക്കാൻ എന്തിരിക്കുന്നു എന്നാണ് താരം ചോദിച്ചത്.
കഴിഞ്ഞയാഴ്ച പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്കാണ് വിമര്‍ശനം നേരിട്ടത്. തനിക്ക് ലഭിച്ച പോസിറ്റീവ് സന്ദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് താരം പറയുന്നത്. “ഒരു പുതിയ അമ്മയെന്ന നിലയിൽ എന്റെ യാത്ര എന്റെ സുഹൃത്തുക്കളുമായും ആരാധകരുമായും പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. പലരും വിചാരിക്കുന്നതുപോലെ സുഖകരവും എളുപ്പവുമായ സംഗതിയല്ല മുലയൂട്ടല്‍. അമ്മ എന്ന നിലയിൽ ആദ്യമായി മുലയൂട്ടുമ്പോൾ അതു നിങ്ങളെ മാനസികമായും ശാരീരികമായും ക്ഷീണിപ്പിക്കും. ഞാൻ ഇങ്ങനെയാണ് മുലയൂട്ടുന്നത് എന്നു കാണിക്കാനും ഇക്കാര്യത്തിൽ ആരും നാണിക്കേണ്ടതില്ലെന്നു പറയാനും വേണ്ടിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. അത് നല്ല കാര്യമായും അഭിമാനിക്കത്തക്കതായും എനിക്കു തോന്നുന്നു. ഒരു ജോലി പ്രൊഫൈൽ മാത്രമല്ല, എന്റെ സോഷ്യൽ മീഡിയ വ്യക്തിപരമാക്കുന്നത് എനിക്ക് പ്രധാനമാണ്. അത്തരം ചിത്രങ്ങൾ ഒരേ സമയം ദുർബലതയും ശക്തിയും കാണിക്കുന്നു. ഞാൻ അത് മനോഹരമായി കാണുന്നു. ഏറ്റവും സ്വാഭാവികവും ആരോഗ്യകരവുമായ കാര്യങ്ങളിൽ ഒന്നാണ് മുലയൂട്ടൽ. അതുകൊണ്ടാണ് സ്ത്രീകൾക്ക് ആദ്യമായി സ്തനങ്ങൾ ഉണ്ടാകുന്നത്. പിന്നെ എന്തിനാണ് അതിൽ ലജ്ജിക്കുന്നത്? ”
അമ്മയുടെ പുതിയ വേഷത്തെക്കുറിച്ചും എവ്ലിൻ പറയുന്നു ‘‘മുംബൈയിൽ ഒരു പ്രതിമയുണ്ട്, ‘ഒരു കുട്ടി അമ്മയ്ക്ക് ജന്മം നൽകുന്ന’ പ്രതിമ. ഞാൻ മിക്കവാറും എല്ലാ ദിവസവും അതിന്റെ മുന്നിലൂടെ കടന്നുപോയിട്ടുണ്ട്, ഓരോ തവണയും അത് എന്നെ ആശയക്കുഴപ്പത്തിലാക്കിയിട്ടുമുണ്ട്. എന്നാല്‍ അതിന്റെ അർത്ഥമെന്താണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. മാതൃത്വം എന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. ’’ താരം പറഞ്ഞു. കഴിഞ്ഞ വർഷമാണ് എവ്ലിൻ ശർമ- തുഷാൻ ബിന്ദി ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചത്.
മുലയൂട്ടുന്നതിനെക്കുറിച്ച് സമൂഹത്തിൽ എന്തെങ്കിലും തെറ്റിധാരണകളോ അശ്ലീമെന്നോ ഉള്ള ചിന്തകൾ ഉണ്ടെങ്കിൽ അവ മാറാൻ കൂടിയാണ് എവ്ലിൻ ധീരമായി സ്വന്തം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഒട്ടേറെപ്പേർ നടിയെ പിന്തുണച്ചു രംഗത്തെത്തി. അപൂർവം പേർ മാത്രമാണ് ചിത്രത്തിൽ അശ്ലീലം കണ്ട് അതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.






