ഓരോ ദമ്പതികളും കുടുംബ ജീവിതത്തിലേക്ക് പ്രവേശിയ്ക്കുന്നത് നീണ്ട കാലം ഒരുമിച്ച് സുഖമായി ജീവിയ്കണം എന്ന പ്രാര്‍ത്ഥനയോടെയാണ്. നീണ്ട കാലം സന്തോഷകരമായ ജീവിതം നയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ പാതി വഴിയില്‍ പിരിയുന്ന ദമ്പതികളെയൊക്കെ അദ്ഭുതപ്പെടുത്തുന്ന ജീവിതവുമായി മുന്നോട്ട് പോയ ഒരു ദമ്പതികളുണ്ട് അങ്ങ് അമേരിക്കയില്‍.
അമേരിക്കന്‍ സ്വദേശികളായ ഹെര്‍ബര്‍ട്ട് ഫിഷറും സെല്മൈറ ഫിഷറുമാണ് ഈ ദമ്പതികള്‍. 86 വര്‍ഷത്തില്‍ കൂടുതലാണ് ഈ ദമ്പതികള്‍ ഒരുമിച്ച് ജീവിച്ചത്. യുഎസിലെ നോര്‍ത്ത് കരോലിനയില്‍ ഉറ്റ സുഹൃത്തുക്കളായാണ് ഇരുവരും വളര്‍ന്നത്. ഹെര്‍ബര്‍ട്ടിനും സെല്മൈറയ്ക്കും യഥാക്രമം 18 ഉം 16 ഉം വയസ് പ്രായമായപ്പോള്‍ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു.
നീണ്ട കാലമുള്ള ദാമ്പത്യത്തിലൂടെ ഇരുവരും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും സ്വന്തമാക്കി. 1924ലാണ് ഇരുവരും വിവാഹിതരാവുന്നത്. പിന്നീട് ഒരുമിച്ചുള്ള ജീവിതം തുടര്‍ന്നു കൊണ്ടിരിക്കവെ 2011 ഫെബ്രുവരിയില്‍ ഹെര്‍ബര്‍ട്ട് ഫിഷര്‍ മരിച്ചു. അപ്പോഴേക്കും ഒന്നിച്ചുള്ള അവരുടെ ജീവിതം 86 വര്‍ഷവും 290 ദിവസവും പിന്നിട്ടിരുന്നു. നീണ്ട ദാമ്പത്യ ജീവിതത്തില്‍ ഇരുവരും രണ്ടാം ലോകമഹായുദ്ധം മുതല്‍ പൗരാവകാശ പ്രസ്ഥാനമടക്കമുള്ള നിരവധി സംഭവങ്ങള്‍ക്ക് സാക്ഷികളായി. 2010ല്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ബരാക് ഒബാമ ഇവരുടെ സ്നേഹബന്ധത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.






