27 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വേര്‍പിരിച്ച സയാമീസ് ഇരട്ടകള്‍ ജീവിതത്തിലേക്ക് മടങ്ങി വരുന്നു
27 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വേര്‍പിരിച്ച സയാമീസ് ഇരട്ടകള്‍ ജീവിതത്തിലേക്ക് മടങ്ങി വരുന്നു
Authored by Web Desk | Last updated: 23 Nov 2016, 10:49 AM | 1 min read
പരസ്പരം ഒട്ടിച്ചേര്‍ന്ന തലയോട് ജനിച്ച സയാമീസ് ഇരട്ടകളെ 27 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വേര്‍പിരിച്ച വാര്‍ത്ത കുറച്ച് നാളുകള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 14 മാസക്കാലം അവര്‍ ഒരു തലയുമായി ജീവിച്ച ജാഡന്‍, അനിയാല് എന്നീ കുട്ടികളുടെ ശസ്ത്രക്രിയ ഒക്ടോബര്‍ 13നായിരുന്നു. ന്യൂയോര്‍ക്കിലെ മോന്റെഫിയോറെ ഹോസ്പിറ്റലില്‍ വച്ചായിരുന്നു ചരിത്ര പ്രസിദ്ധമായ ശസ്ത്ക്രിയ നടത്തിയത്. തുടര്‍ന്ന് അഞ്ചാഴ്ചകള്‍ക്ക് ശേഷം ഇരുവര്‍ക്കും ആദ്യമായി പരസ്പരം നോക്കാന്‍ കഴിയുന്നുവെന്നാണ് റിപ്പോര്‍ട്ട്. സയാമീസ് ഇരട്ടകള്‍ വേര്പെടുത്തപ്പെട്ടതിന് ശേഷം ഇത്രയും വേഗം സുഖപ്രാപിക്കുന്നത് ചരിത്രത്തില്‍ തന്നെ ഇതാദ്യമായിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുമ്പുണ്ടായ സംഭവത്തില്‍ ഇത്തരം ഇരട്ടകള്‍ ഓപ്പറേഷന് ശേഷം സാധാരണ നിലയിലെത്താന്‍ എട്ടാഴ്ചകള്‍ എടുത്തിരുന്നു.
ഈ നിര്‍ണായകമായ ഓപ്പറേഷന് 2.5 മില്യണ്‍ പൗണ്ടാണ് ചെലവായിരിക്കുന്നത്. ഈ ഇരട്ടക്കുട്ടികള്‍ക്ക് അസ എന്ന് പേരുള്ള മൂന്ന് വയസുള്ള സഹോദരനുണ്ട്. 2.5 മില്യണ്‍ പിറവികളില്‍ ഒന്ന് എന്ന തോതിലാണിത്തരം ഇരട്ടകള്‍ പിറക്കുന്നത്. ഇത്തരക്കാര്‍ ക്രാനിയോപാഗസ് ട്വിന്‍സ് എന്നാണറിയപ്പെടുന്നത്. ഇവരില്‍ മൂന്നിലൊന്ന് പേരും ജനിച്ച് 24 മണിക്കൂറിനുള്ളില്‍ മരിക്കുകയാണ് പതിവ്. ഇവര്‍ അതിജീവിക്കുകയാണെങ്കില്‍ അവരെ വേര്‍പെടുത്തിയിട്ടില്ലെങ്കില്‍ ഇവര്‍ രണ്ട് വയസിന് മുമ്പ് മരിക്കാന്‍ 80 ശതമാനം സാധ്യതയുണ്ട്. വേര്‍പെടുത്തിയാലും രണ്ടു പേരില്‍ ഒരാള്‍ക്കോ അല്ലെങ്കില്‍ രണ്ട് പേര്‍ക്കുമോ വളര്‍ച്ചയില്‍ പ്രശ്നങ്ങളുണ്ടാകാനും സാധ്യതയേറെയാണ്.
ജാഡന്‍ ഇപ്പോള്‍ തന്നെ ചലിക്കാന്‍ സാധിക്കുന്നുണ്ട്. കൂട്ടത്തില്‍ ആക്ടീവും ഈ കുട്ടിയാണ്. തന്റെ ബാന്ഡേജുകള് പിടിച്ച് വലിക്കാന്‍ വരെ അവന് ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ അനിയാസ് ശസ്ത്രക്രിയക്ക് മുമ്പ് തന്നെ വിഷമതകള്‍ പ്രകടിപ്പിച്ച കുട്ടിയാണ്. ഇന്ഫെക്ഷന് ഇവനെ വിടാതെ പിന്തുടരുന്നുണ്ട്. എന്നാല്‍ അനിയാസും സാധാരണ നിലയില്‍ തന്നെയാകുമെന്നാണ് അവരുടെ സര്‍ജനായ ഡോ. ഫിലിപ്പ് ഗുഡ്റിച്ച് വിശ്വസിക്കുന്നത്. ഇരു കുട്ടികളെയും രണ്ടാക്കുകയെന്നത് നല്ല ആശയമായിരുന്നില്ലെന്നാണ് അദ്ദേഹം സിഎന്‍എന്നിനോട് പ്രതികരിച്ചിരിക്കുന്നത്. ഷിക്കാഗോയ്ക്ക് സമീപം സിസേറിയനിലൂടെയാണ് ഈ കുട്ടികള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ജനിച്ചത്. രണ്ടു പേര്‍ക്കും വേറിട്ട് ജീവിക്കാന്‍ സാധിക്കുമെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ലോകത്തിലെ ഏറ്റവും മികച്ച സര്ജന്മാരുള്ള മോന്റെഫിയോറെ ഹോസ്പിറ്റലിലേക്ക് ഇരുവരെയും രക്ഷിതാക്കള്‍ എത്തിച്ചത്. ഇവരുടെ ശസ്ത്രക്രിയ നിര്‍വഹിക്കാനായി ഡോക്ടര്‍മാര്‍ മാസങ്ങള്‍ നീണ്ട ആസൂത്രണങ്ങളും തയ്യാറെടുപ്പുകളും നടത്തിയിരുന്നു. കുട്ടികളുടെ തലയുടെ 3ഡി മോഡല്‍ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.ഇതിന് പുറമെ കമ്പ്യൂട്ടറൈസ്ഡ് 3ഡി മോഡലും ഉപയോഗിച്ചിരുന്നു.