
മുംബൈ: സിനിമാസംഗീതമെന്ന നൂലില്‍ ഇന്ത്യന്‍ ജനതയെയാകെ കോര്‍ത്തുകെട്ടിയ വിശ്രുത ഗായിക ലതാ മങ്കേഷ്കര്‍ (92) എന്ന നാദപ്രവാഹം ഇനി ഓര്‍മകളില്‍. കോവിഡ് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ മരിച്ച വാനമ്പാടിയുടെ ഭൗതികദേഹം വൈകുന്നേരം ദാദറിലെ ശിവാജി പാര്‍ക്കില്‍ അഗ്നി ഏറ്റുവാങ്ങി.
വിവിധ ഭാഷകളിലായി മുപ്പതിനായിരത്തോളം ഗാനങ്ങളിലേക്ക് ഒഴുകിപ്പരന്ന നാദമാധുരി. കവിളില്‍ പൂമദമുള്ളൊരു പെണ്‍പൂവായി അവര്‍ മലയാളത്തിലുമെത്തി. 1962-ലെ ചൈനായുദ്ധ പരാജയത്തിന്റെ ആഘാതത്തില്‍നിന്നു രാജ്യത്തെ ഉണര്‍ത്തിയത് അടുത്ത റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹി നാഷണല്‍ സ്റ്റേഡിയത്തില്‍ ലത ആലപിച്ച "ഏ മേരെ വതന്‍ കേ ലോഗാം, സരാ ആംഖ് മേം ഭര് ദോ പാനീ" എന്ന ഗാനമാണ്. കോടാനുകോടികള്‍ അത് ഏറ്റുപാടി.
മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുതവണ നേടി. പത്മഭൂഷണും പത്മവിഭൂഷണും ഭാരതരത്നവും സമ്മാനിച്ച് രാജ്യം അവരെ ആദരിച്ചു. ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്കാരം നേടി. ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലീജിയന് ഓഫ് ഓണര്‍ അടക്കം രാജ്യാന്തര ബഹുമതികളും അവരെ തേടിയെത്തി.
പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 1929 സെപ്റ്റംബര്‍ 28-നായിരുന്നു ലതയുടെ ജനനം. ഗായികയും സംഗീത സംവിധായികയുമായ മീന ഖാദികര്‍, ഗായിക ആഷാ ഭോസ്ലെ, ഗായിക ഉഷാ മങ്കേഷ്കര്‍, സംഗീത സംവിധായകന് ഹൃദയനാഥ് മങ്കേഷ്കര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
കിതി ഹസാല്‍ (1942) എന്ന മറാത്തി ചിത്രത്തിനു വേണ്ടി തന്റെ ആദ്യഗാനം റെക്കോഡ് ചെയ്യുമ്പോള്‍ ലതയ്ക്കു 13 വയസ്. പിന്നീടു വിവിധ ഭാഷകളില്‍ പാടിയെങ്കിലും അവരെ എക്കാലവും ബോളിവുഡ് സ്വന്തമാക്കിവച്ചു. ഹേമന്ത് കുമാറും മുകേഷും കിഷോര്‍ കുമാറും മഹേന്ദ്ര കപൂറും പിണക്കത്തിന്റെ കുറച്ചു കാലമൊഴിച്ചാല്‍ മുഹമ്മദ് റാഫിയുമൊക്കെ ലതയ്ക്കൊപ്പം മത്സരിച്ചുപാടി.
നൗഷാദ്, സലില്‍ ചൗധരി, എസ്.ഡി. ബര്മന്, ലക്ഷ്മികാന്ത്-പ്യാരേലാല്‍, ആര്.ഡി. ബര്മന്, കല്യാണ്ജി-ആനന്ദ്ജി തുടങ്ങി പ്രശസ്ത സംഗീത സംവിധായകര്‍ ലതയ്ക്കായി തങ്ങളുടെ മികച്ച ഈണങ്ങള്‍ നീക്കിവച്ചു. ലതയുമായി സവിശേഷമായ ബന്ധമുണ്ടായിരുന്ന മദന്മോഹന് മരത്തില്‍ ബാക്കിവച്ചുപോയ ഈണങ്ങള്‍ 30 വര്‍ഷങ്ങള്‍ക്കിപ്പുറം വീര്‍ സരാ എന്ന ചിത്രത്തില്‍ ഗാനങ്ങളായപ്പോഴും പാടാന്‍ മറ്റൊരാളെ തേടേണ്ടിവന്നില്ല. അവരോളം ഭാവാത്മകമായി മറ്റാരു പാടാന്‍!
ആജാ രേ പര്‍ദേശി, അജീബ് ദാസ്താ ഹെ യേ, ലഗ് ജാ ഗലേ, ആപ് കീ നസ്രോം നേ സംഝാ, ഏക് പ്യാര് കി നഗ്മാ ഹേ, തേരേ ബിനാ സിന്ദഗീ സേ കോയീ, ഏ ദില്‍ ഏ നാദാന്‍, ഓ സജ്നാ, ആയേഗാ ആനേവാലാ, സത്യം ശിവം സുന്ദരം, യെ സിന്ദഗീ ഉസീ കി ഹേ, രൈനാ ബീതീ ജായേ, പിയാ ബിനാ, ദില്‍ ഹൂം ഹൂം കരേ തുടങ്ങി എത്രയോ ഗാനങ്ങള്‍.
രാജ്യത്തു രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. സഹോദരതുല്യമായ അടുപ്പം സുക്ഷിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ലതാദീദിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, അമിതാഭ് ബച്ചന്, അനുപം ഖേര്‍, ജാവേദ് അഖ്തര്‍, അനുരാധാ പൗഡ്വാള്, ഷാരുഖ് ഖാന്, സഞ്ജയ് ലീലാ ബന്‍സാലി, അശുതോഷ് ഗവാരികര്‍, സച്ചിന് തെണ്ടുല്‍ക്കര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ വസതിയിലും ശിവാജി പാര്‍ക്കിലുമെത്തി വിഖ്യാത ഗായികയ്ക്കു വിടയേകി.
"നാം ഗും ജായേഗാ ചെഹ്രാ, യേ ബദല്‍ ജായേഗാ, മേരി ആവാസ് ഹീ പഹ്ചാന്‍ ഹേ, ഗര്‍ യാദ രഹേ..." -പേര് മാഞ്ഞുപോകും, ഈ മുഖം മാറിപ്പോകും. എങ്കിലുമീ ശബ്ദം എന്റെ അനശ്വരമുദ്രയായിരിക്കും, നീ ഓര്‍ക്കാന്‍ ശ്രമിച്ചെങ്കില്‍.." എന്നു ലത പാടിയിട്ടുണ്ട്. സന്തോഷത്തിലും ദുഃഖത്തിലും നിരാശയിലും വിരഹത്തിലും ഏകാന്തതയിലും കാതോരത്ത് ആ ശബ്ദം ഇനിയുമെത്ര തലമുറയ്ക്കു കൂട്ടായിരിക്കും. പോയെന്നു തോന്നുകയേയില്ല.






