
ആണ്‍കുഞ്ഞിനെ കിട്ടുമെന്ന് വിശ്വസിപ്പിച്ച് ഗര്‍ഭിണിയുടെ തലയോട്ടിയില്‍ ആണി അടിച്ചിറക്കി. പാകിസ്ഥാനിലാണ് സംഭവം. തലയില്‍ ആണി അടിച്ചു കയറ്റിയപ്പോഴുണ്ടായ രക്തസ്രാവം നിലയ്ക്കാതെ വന്നതോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു. ഗര്‍ഭിണിയായ ഈ സ്ത്രീ ആശുപത്രിയില്‍ എത്തുമ്പോള്‍ ഗുരുതരമായ അവസ്ഥയിലായിരുന്നു. തലയില്‍ നിന്നും ചോര വാര്‍ന്ന നിലയില്‍ അബോധാവസ്ഥയിലാണ് ഇവരെ കൊണ്ടു വന്നത്.
എക്സ്റേ എടുത്തപ്പോഴാണ് തലച്ചോറില്‍ ആണി തുളച്ചു കയറിയതായി മനസ്സിലായത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി ആണി പുറത്തെടുക്കുകയായിരുന്നു. ആദ്യം യുവതി തന്നെയാണ് ആണി അടിച്ചു കയറ്റിയതെന്നാണ് പറഞ്ഞത്. പിന്നീട് ഇവര്‍ സത്യം പറയുകയായിരുന്നു. മൂന്ന് പെണ്മക്കളുള്ള ഇവര്‍ നാലാമതും ഗര്‍ഭിണിയായപ്പോള്‍ ഈ കുട്ടി ആണ്കുട്ടിയായിരിയ്ക്കണമെന്ന് ഭര്‍ത്താവ് നിബന്ധന വെച്ചു. മാത്രമല്ല, നാലാമത്തെ കുട്ടിയും പെണ്‍കുട്ടി ആയാല്‍ വീട്ടില്‍ നിന്നിറക്കി വിടുകയും വിവാഹ മോചനം ചെയ്യുകയും ചെയ്യുമെന്നും ഭര്‍ത്താവ് യുവതിയോട് പറഞ്ഞു.
ഇതോടെ പരിഭ്രാന്തിയിലായ യുവതി അയല്‍വാസിയായ യുവതിയുടെ നിര്‍ദ്ദേശപ്രകാരം ഒരു സിദ്ധന്റെ അടുത്ത് പോയി. ജനിയ്ക്കാന്‍ പോകുന്ന കുഞ്ഞ് ആണ്‍കുട്ടിയാകണമെന്ന ആവശ്യം പറഞ്ഞപ്പോള്‍, യുവതിയ്ക്ക് സിദ്ധന് മന്ത്രിച്ചൂതിയ ഒരാണി കൊടുക്കുകയായിരുന്നു. വീട്ടില്‍ ചെന്ന് അത് സ്വയം തലയില്‍ തറയ്ക്കാനാണ് സിദ്ധന് പറഞ്ഞത്. എന്നാല്‍ തനിയെ തലയില്‍ ആണി അടിച്ചു കയറ്റാന്‍ ബുദ്ധിമുട്ടാണെന്ന് യുവതി പറഞ്ഞപ്പോള്‍ സിദ്ധന് തന്നെ വീട്ടിലെത്തി തലയില്‍ ആണിയടിക്കുകയായിരുന്നുവെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതിയുടെ നില സുരക്ഷിതമായതിനെത്തുടര്ന്ന് വീട്ടിലേക്ക് പറഞ്ഞയച്ചു. വ്യാജസിദ്ധനു വേണ്ടി വ്യാപകമായ തെരച്ചില്‍ നടത്തുന്നതായി പെഷവാര്‍ പോലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.






