
ഒറ്റപ്പെടല്‍ അനുഭവിക്കുന്ന സ്ത്രീകളില്‍ ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത 27 ശതമാനം കൂടുതലാണെന്ന് പഠനം. ഒറ്റപ്പെടല്‍ അനുഭവിക്കാത്ത സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരില്‍ ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത 13 ശതമാനം മുതല്‍ 27 ശതമാനം വരെയാണെന്ന് ജാമ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളിലാണ് ഹൃദ്രോഗ സാധ്യത ഏറ്റവും കൂടുതലെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും പൊതുജനാരോഗ്യ ആശങ്കകളായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. കാരണം, അത് ആരോഗ്യസ്ഥിതിയുമായി ഏറെ ബന്ധപ്പെട്ട് നില്ക്കുന്നു. കൂടാതെ, പൊണ്ണത്തടി, പുകവലി, വ്യായാമക്കുറവ്, മോശം ആഹാരക്രമം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവ ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒരു കാരണമായി വളര്‍ന്നു വരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.
'' കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതോടെ ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും ഒട്ടേറെപ്പേര്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഗുരുതരമായ അവസ്ഥയുണ്ടാക്കും. ഹൃദയാരോഗ്യത്തെയും ശാരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെയും ഇത് ഗുരുതരമായ അവസ്ഥയുണ്ടാക്കും. ഹൃദയാരോഗ്യത്തെയും ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെയും ഇത് എത്രത്തോളം ബാധിക്കുമെന്നും ഇതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ എന്തൊക്കെയെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്'' -പഠനത്തിന് നേതൃത്വം നല്കിയ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ ഡിയാഗോയിലെ ഗവേഷക നതാലി ഗോളാസ് സ്യൂവ്സ്കി പറഞ്ഞു.
''സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും ചെറിയ തോതില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെങ്കിലും ചിലരെങ്കിലും ഇവ രണ്ടും ഒന്നിച്ച് അനുഭവിക്കേണ്ടി വന്നേക്കാം. ആളുകളില്‍ നിന്ന് ശാരീരികമായി വേര്‍പെട്ട് നില്‍ക്കുന്നതാണ് സാമൂഹിക ഒറ്റപ്പെടല്‍. എന്നാല്‍, ആളുകള്‍ അടുത്തുള്ളപ്പോഴും ഒരാള്‍ക്ക് ഏകാന്തത അനുഭവപ്പെട്ടേക്കാം'' -പഠനത്തിന്റെ ഭാഗമായ ഹെര്‍ബെര്‍ട്ട് വെര്തിയം സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ജോണ്‍ ബെല്ലെറ്റൈയര് പറഞ്ഞു.






