
ചെന്നൈ : മൂന്ന് ദിവസങ്ങളായി കാണാതായ ലോക്ഡൗണിനെ കണ്ടെത്തിയ ആശ്വാസത്തിലാണ് ദമ്പതികളായ കിഷോറും ബുദ്ധിനിയും. ഒഡീഷ സ്വദേശികളായ ഇവരുടെ ഒന്നര വയസുകാരനായ മകനാണ് ലോക്ഡൗണ്‍. അമ്പത്തൂരില്‍ നിന്നാണ് മൂന്ന് ദിവസം മുന്‍പ് കുട്ടിയെ കാണാതായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞും കുട്ടിയെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം പുരോഗമിയ്ക്കുന്നതിനിടയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി സേലത്തേക്ക് പുറപ്പെടാന്‍ നിറുത്തിയിട്ടിരുന്ന ബസിനുള്ളില്‍ നിന്നാണ് ലോക്ഡൗണിനെ കണ്ടെത്തിയത്. രാത്രി പതിനൊന്നരയോടെ ബസിനുള്ളില്‍ കുഞ്ഞിനെ കണ്ട കണ്ടക്ട്റാണ് ആദ്യം പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് കോയമ്പേട് പോലീസ് സ്ഥലത്തെത്തി കുട്ടിയെ ഏറ്റുവാങ്ങി രക്ഷിതാക്കളെ ഏല്‍പ്പിക്കുകയായിരുന്നു.
കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ആരെങ്കിലും പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ബസിനുള്ളില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് ജനിച്ചതു കൊണ്ടാണ് തങ്ങളുടെ നാലാമത്തെ മകന് ഇവര്‍ ലോക്ഡൗണ്‍ എന്ന പേര് നല്‍കിയത്. ചെന്നൈ അമ്പത്തൂരിലാണ് ഇവര്‍ കുടുംബസമേതം താമസിക്കുന്നത്.






