
വിവാഹദിനം എന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ്. എത്രയും ആഘോഷമായി വിവാഹ ദിവസം കൊണ്ടാടാന്‍ ആഗ്രഹിയ്ക്കുന്നവരാണ് വധൂ-വരന്മാര്. തങ്ങളുടെ വിവാഹം എങ്ങനെ ആയിരിയ്ക്കണമെന്നതിനെ കുറിച്ച് അവര്‍ക്ക് വ്യക്തമായ സങ്കല്‍പ്പങ്ങളും ഉണ്ടായിരിയ്ക്കും. വിവാഹത്തിന് എത്തുന്നവര്‍ക്ക് കര്‍ശനമായ ഒരു നിബന്ധന മുന്നോട്ട് വെച്ചിരിയ്ക്കുകയാണ് വധു.
ജാസ്മിന് ക്രൂസ് എന്ന യുവതിയാണ് തന്റെ വിവാഹത്തിന് എത്തുന്നവര്‍ കര്‍ശനമായി പാലിക്കേണ്ട ചില വിചിത്ര നിയമങ്ങളുടെ പട്ടിക തയാറാക്കിയിരിയ്ക്കുന്നത്. ടിക്ടോക് വീഡിയോയിലൂടെ ആണ് സ്വന്തം വിവാഹത്തിന് തയ്യാറാക്കിയ നിയമാവലികളെക്കുറിച്ച് ജാസ്മിന് വിശദീകരിച്ചത്. അനാവശ്യമായി കുട്ടികളെ വിവാഹ സ്ഥലത്തേയ്ക്ക് കൊണ്ടുവരരുത്. മാതാപിതാക്കള്‍ ശ്രദ്ധിക്കാതെ കുട്ടികള്‍ അവിടെയുമിവിടെയും ഓടിക്കളിക്കുന്ന അവസ്ഥ ഉണ്ടാവാതിരിക്കാനാണ് ഇങ്ങനെ ഒരു നിയമം. താന്‍ അല്ലാതെ മറ്റാരും വെള്ള വസ്ത്രം ധരിച്ചെത്തരുത്. ആരെങ്കിലും വെള്ള വസ്ത്രം ധരിച്ച് വന്നാല്‍ തലവഴി റെഡ് വൈന്‍ ഒഴിക്കുമെന്നും അവര്‍ പറയുന്നു. തന്നെക്കാള്‍ അധികം ഭംഗിയായി മറ്റാരും ഒരുങ്ങി വരരുത് എന്നും ജാസ്മിന് പറയുന്നു.
ക്ഷണിക്കപ്പെടാത്തവരെ വിവാഹത്തിന് അനുവദിക്കില്ലെന്നും ജാസ്മിന് പറയുന്നു. ഓപ്പണ്‍ ബാറില്‍ നിന്നും ആവശ്യത്തിന് മദ്യം കഴിക്കാന്‍ അതിഥികള്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ മദ്യം കഴിച്ച നിലയില്‍ ആരും തിരികെ വാഹനമോടിച്ചു പോകാന്‍ പാടില്ലെന്നും ജാസ്മിന്റെ നിയമത്തില്‍ പറയുന്നു. ജാസ്മിന്റെ ഈ നിയമങ്ങളോട് പലരും പ്രതികരണവുമായി എത്തിയിട്ടുണ്ട്. ഇങ്ങനെയാണെങ്കില്‍ വിവാഹത്തിന് ആരെയും ക്ഷണിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് പലരും വ്യക്തമാക്കിയിരിയ്ക്കുന്നത്.






