
അനുഷ്ക ശര്‍മ്മയും വിരാട് കോഹ്ലിയും ആരാധകരുടെ ഇഷ്ട സെലിബ്രിറ്റികളാണ്. മകള്‍ വാമിക ജനിച്ച ശേഷം സിനിമാ ജീവിതത്തില്‍നിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയായിരുന്നു അനുഷ്ക . ഒരു വയസ്സുള്ള മകൾ വാമികയുടെ അമ്മ ഡ്യൂട്ടി തിരക്കിലാണ് അനുഷ്ക. അതിനൊപ്പം തന്നെ തന്റെ തിരിച്ചുവരവ് ചിത്രമായ ചക്ദ എക്സ്പ്രസിനായും താരം ഒരുങ്ങുന്നുണ്ട്. അമ്മയാകുന്നതിന് മുമ്പ്, ലോക്ക്ഡൗൺ സമയത്ത് ഫുഡ് ബ്ലോഗുകൾ കാണുന്ന തിരക്കിലായിരുന്ന അനുഷ്ക. സോഷ്യല്‍ മീഡിയയിലും അനുഷ്ക ആക്ടീവാണ്. തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങളും അനുഷ്ക പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ ലോക്ക്ഡൗണ്‍ കാലത്തെ ഒരു പാചക വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ് താരം. ‘‘ 2020 ലേക്ക് ഒരു തിരിച്ചു പോക്ക്. ആ സമയത്ത് താന്‍ ഒരുപാട് ഫുഡ് ബ്ലോഗുകള്‍ കാണാറുണ്ടായിരുന്നു. അങ്ങനെയാണ് ഈ ജാം തയാറാക്കുന്ന വീഡിയോ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചത്. അങ്ങനെയെങ്കിലും 2021 ഓടെ കൊറോണ വൈറസ് ഇല്ലാതാകുമെന്ന് കരുതി.’’ ഇങ്ങനെ ക്യാപ്ഷന്‍ നല്‍കിയാണ് അനുഷ്ക വീഡിയോ കൊടുത്തിരിക്കുന്നത്.
വീഡിയോയില്‍ പുതിയ തക്കാളി തേടി താരം തോട്ടത്തിലേക്ക് പോകുന്നതായി കാണാം. കൈയിൽ ഒരു കുട്ടയുമായി നായയുടെ അരികിലൂടെ നടക്കുന്നു, പിന്നീട് പഴുത്ത തക്കാളി പറിച്ചെടുക്കുന്നു, വീട്ടിലേക്ക് മടങ്ങുന്നു, വെള്ളത്തില്‍ കഴുകിയ ശേഷം വെള്ളത്തിലിട്ട് തിളപ്പിക്കുന്നു. ശേഷം തണുത്ത വെള്ളത്തിൽ കഴുകി, തൊലികളഞ്ഞ് മുറിച്ചു. ജാം തയ്യാറാകുന്നതുവരെ പാകം ചെയ്യുന്നു. പിന്നീട് പ്രഭാതഭക്ഷണത്തിന് ബ്രെഡിനൊപ്പം വിളമ്പുന്നത് കാണാം. അനുഷ്കയുടെ അച്ഛൻ മതിപ്പോടെ കഴിക്കുന്നു, അമ്മ കഴിച്ച ശേഷം ചിരിക്കുന്നതും കാണും.
അടുത്തിടെയായിരുന്നു കോഹ്ലിയും അനുഷ്കയും മകള്‍ വാമികയുടെ ഒന്നാം ജന്മദിനം ആഘോഷിച്ചത്. ജനുവരി 11 നായിരുന്നു വാമികയ്ക്ക് ഒരു വയസ് തികഞ്ഞത്. ഒന്നാം ജന്മദിനത്തിലും മകളുടെ മുഖം കാണിക്കുന്ന ചിത്രമൊന്നും കോഹ്ലിയും അനുഷ്കയും പങ്കുവച്ചിരുന്നില്ല.
2021 ജനുവരിയിലായിരുന്നു വാമികയുടെ ജനനം. എന്നാല്‍ ഇതുവരെ മകളുടെ മുഖം ആരാധകര്‍ കണ്ടിട്ടില്ല. മകളുടെ സ്വകാര്യതയെ കരുതി എപ്പോഴും കുത്തിന്റെ മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് കോഹ്ലിയും അനുഷ്കയും പങ്കുവയ്ക്കാറുള്ളത്. ‘‘എന്താണ് സോഷ്യല്‍ മീഡിയ എന്നും എന്താണ് ചോയ്സ് എന്നും അവള് മനസിലാക്കുന്നത് വരെ അവളെ സോഷ്യല്‍ മീഡിയയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു’’എന്നാണ് മകളെ മാധ്യമങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ തീരുമാനിച്ചതിനെക്കുറിച്ച് കോഹ്ലി വ്യക്തമാക്കിയത്.






