
വൈദ്യുതവാഹന നിര്‍മാണ യൂണിറ്റ് തുടങ്ങാനുള്ള ചുവട് വെയ്പ്പുമായി പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് (കെ.എ.എല്‍.)ലോര്‍ഡ്സ് ഓട്ടോമാറ്റീവുമായുള്ള സംയുക്ത സംരംഭത്തിന് ധാരണാപത്രം ഒപ്പിട്ടു. കണ്ണൂരില്‍ സ്ഥാപിയ്ക്കുന്ന നിര്‍മ്മാണ യൂണിറ്റിന് 20 കോടി മുതല്‍ 30 കോടി വരെ രൂപയാണ് ചിലവ് പ്രതീക്ഷിയ്ക്കുന്നത്.
കെ.എ.എല്‍. ലോര്‍ഡ്സ് ഓട്ടോമാറ്റീവ് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് സംയുക്ത സംരംഭത്തിന്റെ പേര്. കെ.എ.എല്‍. മാനേജിങ് ഡയറക്ടര്‍ പി.വി. ശശീന്ദ്രനും സച്ചിദാനന്ദ് ഉപാധ്യായയും ചേര്‍ന്ന് ധാരണാപത്രത്തില്‍ ഒപ്പിട്ടു. പുതിയ സംരംഭത്തില്‍ പരമാവധി ഓഹരികള്‍ ലോര്‍ഡ്സ് ഓട്ടോമാറ്റീവിനായിരിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ച് ഇന്ത്യയെ ലോകത്തിലെ ഇലക്ട്രിക് വാഹനനിര്‍മ്മാണ രംഗത്തെ സുപ്രധാന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ലോര്‍ഡ്സ് മാര്‍ക് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ സച്ചിദാനന്ദ് ഉപാധ്യായ് പറഞ്ഞു.
ഡിസംബറോടെ വ്യാവസായിക അടിസ്ഥാനത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം ആരംഭിയ്ക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും കിഴക്കന്‍ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും വൈകാതെ വാഹനങ്ങള്‍ എത്തിച്ചു തുടങ്ങും.






