മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ് ആത്മകഥ എഴുതിയത് മുന്‍കൂര്‍ അനുമതി ഇല്ലാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയതാണ് മറുപടി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ വേട്ടയാടുകയായിരുന്നു എന്ന് അവാകശപ്പെടുന്നതായിരുന്നു എം ശിവശങ്കറിന്റെ അശ്വത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകം. എന്നാല്‍ നിലവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥന് എന്ന നിലയില്‍ പുസ്തകമെഴുതുന്നതിന് അനുമതി വാങ്ങിയിട്ടില്ലെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.
പുസ്തകം എഴുതിയ വിഷയത്തില്‍ നേരത്തെ ശിവശങ്കറിനെ ന്യായീകരിക്കുന്ന നിലപാട് ആയിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. ഫെബ്രുവരി 9 ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കാന് മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. സര്‍വീസില്‍ തുടരുന്ന എം ശിവശങ്കറിന് പുസ്തകമെഴുതാന്‍ അനുമതിയുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അതെല്ലാം സാങ്കേതികം മാത്രമാണെന്നും വിഷയം സര്‍ക്കാര്‍ പരിശോധിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി നല്കിയ മറുപടി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിഷയത്തില്‍ നിയമ സഭയില്‍ മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്.





