
മമ്മൂട്ടിയെ നായകനാക്കി പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ദി ഗ്രേറ്റ് ഫാദറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്യ, സ്നേഹ, ബേബി അനിഘ എന്നിവരാണ് മറ്റ് താരങ്ങള്‍. ഏറെ പ്രതീക്ഷയോടെ മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസറ്ററിന് പുറമേ താരങ്ങളെ പരിചയപ്പെടുത്തുന്ന പോസറ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി, ആര്യ, അനിഘ എന്നിവര്‍ക്ക് ശേഷം ചിത്രത്തില്‍ നായിക സ്നേഹയുടെ ലുക്കാണ് പുറത്തു വിട്ടിരിക്കുന്നത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പൃഥ്വിയാണ് സ്നേഹയെ പരിചയപ്പെടുത്തിയത്. നായികയായ മിഷേല്‍ ദാവീദ് ആയി സാരിയില്‍ ഏറെ സുന്ദരിയായാണ് താരത്തിന്റെ ചിത്രം.

എന്നാല്‍ പോസ്റ്റര്‍ ഇറങ്ങിയതോടെ ചില വിമര്‍ശനങ്ങളും തലപൊക്കി. നയന്‍താരയുടെ സാരിയും ബ്ലൗസും സ്നേഹ അടിച്ചു മാറ്റിയതായാണ് വിമര്‍ശകരുടെ വീക്ഷണം. ഭാസ്കര്‍ ദ റാസ്കല്‍ എന്ന ചിത്രത്തിലൂടെ നയന്‍താര ഹിറ്റാക്കിയ ബോട്ട് നെക്ക് ബ്ലൗസും സെമി കോട്ടണ്‍ സാരിയുമാണ് സ്നേഹയുടെ വേഷം. അതേ കോസ്റ്റിയും അനുകരിച്ചതായെ തോന്നൂ.
ദ ഗ്രേറ്റ് ഫാദറിലേയ്ക്ക് ആദ്യം പരിഗണിച്ചതും നയന്‍താരയെ ആയിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം നയന്‍താരയ്ക്ക് കരാറാകാന്‍ സാധിച്ചില്ല. ഇതോടെ സ്നേഹയ്ക്ക് അവസരം ലഭിക്കുകയായിരുന്നു. നയന്‍താരയില്‍ നിന്ന് സിനിമയും സാരിയും അടിച്ചു മാറ്റിയെന്നാണ് ട്രോളന്മാരുടെ കണ്ടെത്തല്‍. ക്രിസ്മസ് റിലീസായി ഗ്രേറ്റ് ഫാദര്‍ തീയറ്ററുകളിലെത്തും.