
മലയാള സിനിമയില്‍ പകരക്കാരില്ലാത്ത അതുല്യ പ്രതിഭയായിരുന്നു കെ.പി.എ.സി. ലളിത. ഈ കലാകാരിയുടെ വേര്‍പാട് ആരാധകരും സിനിമാസ്നേഹികളും വിങ്ങലോടെയാണ് ഏറ്റെടുത്തത്. മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ സംഭാവന ചെയ്ത താരത്തെ തലമുറ വ്യത്യാസമില്ലാതെയാണ് പ്രേക്ഷകര്‍ നെഞ്ചിലേറ്റിയിരുന്നത്. അഞ്ച് പതിറ്റാണ്ടുകളിലേറെ അറുനൂറിലേറെ സിനിമയില്‍ നിറഞ്ഞാടി. ഇനിയും നിരവധി വേഷങ്ങള്‍ ബാക്കിയാക്കിയാണ് താരം യാത്ര ആയിരിക്കുന്നത്.
കെപിഎസി ലളിതയുടെ ശക്തമായ കഥാപാത്രമായിരുന്നു സ്ഫടികത്തിലേത്. തിലകന്റെ ഭാര്യയും മോഹന്‍ലാലിന്റെ അമ്മയുമായിട്ടാണ് താരം ഇതില്‍ എത്തിയത്. മോഹന്‍ലാലിന്റെ പ്രകടനത്തിനോടൊപ്പം തന്നെ തിലകന്- കെപിഎസി ലളിത കോമ്പിനേഷനും ഏറെ ശ്രദ്ധിക്കപ്പെട്ടിരന്നു. ഇപ്പോഴിതാ ആ ചിത്രവുമായി ബന്ധപ്പെട്ട ഒരു രഹസ്യം പങ്കുവെയ്ക്കുകയാണ് സംവിധായകന് ഭഭ്രന്‍. ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഭാര്യാഭര്ത്താക്കന്മാരായി അഭിനയിക്കുന്ന കെപിഎസി ലളിതയും തിലകനും കടുത്ത ശത്രുതയിലായിരുന്നു. പക്ഷേ ഇങ്ങനെയൊരു കാര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ തിലകനുമായുള്ള പിണക്കത്തിനിടയിലും സിനിമ ചെയ്യാമെന്നേറ്റ് വന്നയാളാണ് ലളിതയെന്ന് സംവിധായകന് ഭദ്രന് കുറിക്കുന്നു.
‘‘ഞാൻ ഓർക്കുന്നു, തിലകൻ ചേട്ടന്റെ (ചാക്കോ മാഷ് ) ഭാര്യയായി അഭിനയിക്കാൻ വിളിച്ചപ്പോൾ വ്യക്തിപരമായി എന്നോട് ശത്രുതയിലിരിക്കുന്ന തിലകൻ ചേട്ടൻ അഭിനയിക്കുമ്പോൾ ഒരു ഭാര്യ പ്രതീക്ഷിക്കുന്ന സ്നേഹവും കരുതലും ഒക്കെ ആ കഥാപാത്രത്തിൽ നിന്ന് എന്നോട് ഉണ്ടാകുമോ? ഒരു നിമിഷം ആലോചിച്ചതിന് ശേഷം ഈ അഭിനയ രാജ്ഞി പറഞ്ഞു ;
‘‘ അതിപ്പോ അങ്ങേര് കാണിച്ചില്ലേലും, ഞാനങ്ങോട്ട് കാണിച്ചാൽ പോരേ...’’
അതാണ് KPAC ലളിത. ആ മുഖവും തഞ്ചവും ശബ്ദവും എന്നന്നേക്കുമായി സ്മൃതിയിലേയ്ക്ക് ആണ്ടു പോയതിൽ മലയാള സിനിമയ്ക്ക് ഒരു തീരാദുഃഖം തന്നെയാണ്. ഇനിയൊരു KPAC ലളിത ഭൂമുഖത്തുണ്ടാവില്ല.
My Hearty Condolences ’’ ഇങ്ങനെയാണ്ഭദ്രന് കുറിച്ചത്.
തിലകനും കെപിഎസി ലളിതയും തമ്മിലുളള പിണക്കം മലയാള സിനിമയില്‍ പരസ്യമായ രഹസ്യമാണ്. ഇരുവരും തമ്മിലുളള പിണക്കം സിനിമ കോളങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഏറ്റവും ഒടുവില്‍ വര്‍ഷങ്ങള്‍ നീണ്ടു നിന്ന പ്രശ്നം പരിഹരിച്ചത് നടി ശ്രീവിദ്യ ആയിരുന്നു. പിന്നീട് പല അഭിമുഖങ്ങളിലും ഇതിനെ കുറിച്ച് ലളിത പറഞ്ഞിരുന്നു. ചമയത്തിലെ വേഷം നഷ്ടമാവാന്‍ കാരണം ലളിതയാണെന്നും സിനിമയില്‍ ജാതിക്കളിയാണെന്നുമൊക്കെയായിരുന്നു എന്നാണ് തിലകന് പറഞ്ഞത്. അത് കേട്ട് താനും എന്തൊക്കെയോ പറഞ്ഞു. അങ്ങനെയാണ് തങ്ങള്‍ തെറ്റിയതെന്നും അന്ന് ലളിത പറഞ്ഞിരുന്നു. എന്നാല്‍ ഈ വഴക്കിന് ശേഷവും ഇരുവരും സിനിമകള്‍ ചെയ്തിരുന്നു. ഇവരുടെ പിണക്കം മാറ്റിയത് നടി ശ്രീവിദ്യയായിരുന്നു. അനിയത്തിപ്രാവെന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ശ്രീവിദ്യ ഇടപെട്ടാണ് ഇരുവരുടേയും പിണക്കം മാറ്റിയത്.
കെപിഎസി ലളിതയുടെ ഒരുപാട് കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുന്നതാണ്.
വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവിയും കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മയും പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഐസ്ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടന് മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത എന്നിങ്ങനെ ആ നീര നീണ്ടു തന്നെ പോകും. അതുകൊണ്ടു തന്നെയാണ് പകരക്കാരില്ലാത്ത അഭിനേത്രിയെന്ന് കെപിഎസി ലളിതയെ സിനിമയ്ക്കകത്തും പുറത്തുമുള്ളവര്‍ ഒരുപോലെ പറയുന്നത്.






