
ലിമ : പെറുവിന്റെ തലസ്ഥാനമായ ലിമയിലെ കജമാര്‍ക്വില്ല സമുച്ചയത്തില്‍ നടത്തിയ ഖനനത്തില്‍ 800 മുതല്‍ 1200 വര്‍ഷം മുന്‍പ് ബലി കഴിപ്പിച്ച എട്ട് കുട്ടികളുടെയും പന്ത്രണ്ട് മുതിര്‍ന്നവരുടെയും മൃതദേഹാവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. 1700 വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ പെറു ഭരണാധികാരിയായ ലോര്‍ഡ് ഓഫ് സൈപന്റെ ശവകൂടീരം കണ്ടെത്തിയതിന് സമാനമായ രീതിയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കാണപ്പെട്ടതെന്ന് പുരാവസ്തു ഗവേഷകനായ പിയേറ്റര്‍ വാന്‍ ഡാലെന്‍ പറഞ്ഞു.
ലോര്‍ഡ് ഒഫ് സൈപന്റെ ശവകൂടീരത്തിലും സമാന രീതിയില്‍ കുട്ടികളെയും മുതിര്‍ന്നവരെയും ബലി കഴിപ്പിച്ചതായി കണ്ടെത്തിയിരുന്നു. പ്രധാന മമ്മിക്ക് അകമ്പടി പോകാനായിരുന്നിരിക്കണം എട്ട് കുട്ടികളെയും പന്ത്രണ്ട് മുതിര്‍ന്നവരെയും ബലി കഴിപ്പിച്ചതെന്ന് പിയേറ്റര്‍ വാന്‍ ഡാലെന്‍ പറയുന്നു. ശവകുടീരത്തില്‍ നിരവധി സംഗീത ഉപകരണങ്ങള്‍ കണ്ടെത്തിയതായി സംഘത്തിലെ മറ്റൊരു അംഗമായ യൊമിറ ഹൗമാന്‍ പറഞ്ഞു. കജമാര്ക്വില്ലയില് കണ്ടെത്തിയ മമ്മി 35 വയസുള്ള ഒരു പുരുഷന്റെയാകാമെന്നാണ് പഠനങ്ങള്‍. മമ്മിയില്‍ അവയവങ്ങളൊന്നും കണ്ടെത്തിയിരുന്നില്ലെന്ന് യൊമിറ ഹൗമാന്‍ വ്യക്തമാക്കി.
കഴിഞ്ഞ നവംബറില്‍ പെറുവിലെ സാന്‍ മാര്‍കോസ് സര്‍വകലാശാലയില്‍ നിന്നുള്ള സംഘം ഭൂര്‍ഗര്‍ഭ ശവകൂടീരത്തില്‍ നിന്ന് ഭ്രൂണാവസ്ഥയിലുള്ള ഒരു മമ്മി കണ്ടെത്തിയിരുന്നു. ഇതിന് അടുത്തായാണ് ബലി കഴിപ്പിച്ച നിലയിലെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ചില അവശിഷ്ടങ്ങള്‍ മമ്മിയുടെ രൂപത്തിലും മറ്റ് ചിലത് അസ്ഥികൂടങ്ങളുടെ നിലയിലുമാണ് കണ്ടെത്തിയത്. ഇവ പുരാതന ആചാര പ്രകാരം അനേകം തുണികളാല്‍ ചുറ്റപ്പെട്ടിരുന്നു.






