
ലോകം മുഴുവന്‍ ചര്‍ച്ചയായ അഭിമുഖമായിരുന്നു പ്രശസ്ത അവതാരകയും എഴുത്തുകാരിയുമായ ഓപ്ര വിന്‍ഫ്രേക്കൊപ്പമുള്ള മേഗന്‍ മാര്‍ക്കലിന്റേത്. അഭിമുഖത്തില്‍ രാജപദവികള്‍ ഉപേക്ഷിക്കാനുണ്ടായ തീരുമാനം ഉള്‍പ്പെടെ പല കാര്യങ്ങളും മേഗന്‍ തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ അന്ന് മേഗന്‍ ധരിച്ചിരുന്ന ഔട്ട്ഫിറ്റാണ് ചര്‍ച്ചയാകുന്നത്. ഇംഗ്ലണ്ടിലെ ഫാഷന്‍ മ്യൂസിയം വര്‍ഷാവര്‍ഷം തിരഞ്ഞെടുക്കുന്ന പട്ടികയിലാണ് ഇത്തവണ മേഗന്റെ ഔട്ട്ഫിറ്റ് ഇടം നേടിയത്.
ഇറ്റാലിയന്‍ ലക്ഷ്വറി ഫാഷന്‍ ഹൗസായ ജോര്‍ജിയോ അര്‍മാനിയുടെ സ്പ്രിങ്-സമ്മര്‍ 2022 കളക്ഷനില്‍ നിന്നുള്ള വസ്ത്രമായിരുന്നു അത്. 4700 ഡോളര്‍ അഥവാ മൂന്നരലക്ഷത്തോളമായിരുന്നു ഔട്ട്ഫിറ്റിന്റെ വില. സമകാലീന ഫാഷന്‍ രംഗത്ത് മികച്ച സംഭാവനയായി കരുതാവുന്ന ഔട്ട്ഫിറ്റിനാണ് ഡ്രസ്സ് ഓഫ് ദി ഇയര്‍ പുരസ്‌കാരം നല്‍കുന്നത്. ബ്രിട്ടീഷ് സ്‌റ്റൈല്‍ മാഗസിനായ ഡേസ്ഡില്‍ നിന്നുള്ള ഇബ്രാഹിം കമാറയും ഗരേത് റൈറ്റണും ചേര്‍ന്നാണ് ഔട്ട്ഫിറ്റിനെ മികച്ചതായി തിരഞ്ഞെടുത്തത്.
മേഗന്‍ ധരിച്ച കറുപ്പും വെളുപ്പും നിറത്തിലുള്ള സില്‍ക് ജോര്‍ജെറ്റ് ഡ്രസിലെ പൂവിന്റെ ചിത്രം പുനര്‍ജന്മത്തിന്റെയും പുനരുജ്ജീവനത്തിന്റെയും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും തഴച്ചുവളരുന്നതിന്റെയും പ്രതീകമാണെന്ന് ഫാഷന്‍ മ്യൂസിയം അഭിപ്രായപ്പെട്ടു. രാജകുടുംബത്തിലെ അംഗങ്ങള്‍ അവര്‍ തിരഞ്ഞെടുക്കുന്ന വ്സത്രങ്ങളുടെ സ്റ്റൈലിലൂടെയും നിറത്തിലൂടെയുമൊക്കെ ഒരു സന്ദേശം പകരാറുണ്ടെന്നും ഫാഷന്‍ മ്യൂസിയം വ്യക്തമാക്കി.






