
പത്തനംതിട്ട: കർഫ്യു ഇളവു ചെയ്തതോടെ യുക്രെയിനിന്റെ തലസ്ഥാനമായ കീവിൽ നിന്ന് അടക്കം ഇന്ത്യൻ വിദ്യാർഥികളുടെ മടക്ക യാത്ര തുടങ്ങി. വിദ്യാർഥികൾ കൂട്ടത്തോടെ ഹോസ്റ്റലുകൾ വിട്ട് സമീപത്തെ റെയിൽവേ സ്റ്റേഷനുകളിലേക്ക് പോവുകയാണ്.
പോളണ്ട് അതിർത്തിയിലേക്കാണ് കൂടുതൽ ആളുകളും പോകുന്നത്. ഇന്ത്യൻ എംബസിയിൽ താമസിച്ചിരുന്ന 200ഓളം വിദ്യാർഥികൾ രാവിലെ തന്നെ ട്രെയിനിൽ കയറി. ഇവർ പോളണ്ട് അതിർത്തിയിൽ ഉടൻ എത്തിച്ചേരുമെന്നാണ് വിവരം.
ഇതിനിടെ ട്രെയിനിൽ കയറാൻ പല ഇന്ത്യക്കാർക്കും തടസം നേരിടുന്നുണ്ടെന്നു വിദ്യാർഥികൾ പറയുന്നു. യുക്രെയ്ൻ പൗരന്മാരെയാണ് ട്രെയിനിൽ ആദ്യം പരിഗണിക്കുന്നത്. പല ട്രെയിനുകൾ കടന്നു പോയിട്ടും ഭൂരിപക്ഷം കുട്ടികളും സ്റ്റേഷനിൽ തന്നെ തുടരുകയാണ്.






