കൊച്ചി∙ യുവതികളുടെ പരാതിയിൽ കേസെടുത്തതോടെ കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റ് സുജീഷിനെതിരെ നീക്കം ശക്തമാക്കി പോലീസ്. പ്രതിയെ ഉടൻ പിടികൂടുമെന്നു കമ്മിഷണർ അറിയിച്ചു. അതിനിടെ സുജീഷിനെതിരെ ഒരു യുവതികൂടി പരാതി നൽകി. ഇതുവരെ 5 യുവതികളാണ് ‘മീടു’ ആരോപണം ഉന്നയിച്ച് പരാതി നൽകിയിരിക്കുന്നത്.
എന്നാല്‍ സുജീഷ് ബെംഗളൂരുവിലേക്കു കടന്നതായി സൂചനയുണ്ട്. വീടുപണിയുമായി ബന്ധപ്പെട്ടു ചില സാധനങ്ങൾ എടുക്കുന്നതിനായി സുജീഷ് ബെംഗളൂരുവിലേക്കു പോയെന്ന വിവരമാണു പോലീസിന് ലഭിക്കുന്നത്. എന്നാൽ പൊലീസ് ഇതു പൂർണമായും വിശ്വസിച്ചിട്ടില്ല. ഇടപ്പള്ളിയിലെ ടാറ്റൂ സ്റ്റുഡിയോയും പൂട്ടിയ നിലയിലാണ്.
യുവതികളുടെ പരാതിയിൽ കൊച്ചി ഇടപ്പള്ളിയിലെ ഇൻക് ഫെക്റ്റെഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റ് സുജീഷിനെതിരെ ചേരാനെല്ലൂർ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കമ്മിഷണറെ കണ്ട യുവതികൾ പരാതി നൽകാൻ തയാറാണെന്ന് അറിയിച്ചു.
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിലേ ടാറ്റൂ സ്റ്റുഡിയോകളിൽ ഇന്നും പൊലീസ് പരിശോധന തുടരും.






