
ഒരു രാവ് ഇരുട്ടി വെളുക്കുമ്പോള്‍ ആള്ക്കാര് പണക്കാരാകുക എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ സ്പാനിഷ് ഗ്രാമമായ സിറെസല്സ് ഡെല്‍ കോണ്ഡാഡോയിലേക്ക് ചെന്നാല്‍ മതി. ഒറ്റ രാത്രികൊണ്ട് ഇവിടുത്തെ 80 ഗ്രാമീണരാണ് ലക്ഷപ്രഭുക്കള്‍ ആയി മാറിയത്. ഇവര്‍ക്കെല്ലാം സ്പാനിഷ് ലോട്ടറിയായ എല്‍ ഗോര്‍ഡോ അടിച്ചതല്ല. മറിച്ച് തന്റെ സമ്പാദ്യം മുഴുവന്‍ ഗ്രാമത്തിലെ മുഴുവന്‍ പേര്‍ക്കും വിതരണം ചെയ്ത ഒരു കോടീശ്വരന്റെ പ്രവര്‍ത്തിയാണ് നാട്ടുകാരെ സമ്പന്നരാക്കി മാറ്റിയത്. എല്ലാവര്ക്കും 20 ലക്ഷം പൗണ്ട് വീതം ഇയാള്‍ മരണപത്രമെഴുതി.
13 പേര് അടങ്ങുന്ന കുടുംബത്തിലെ 11 ാമനായിരുന്ന ഫെര്‍ണാണ്ടസ് 1949 ല്‍ 32 ാം വയസ്സില്‍ മെക്സിക്കോയിലേക്ക് കുടിയേറുകയായിരുന്നു. പിന്നീട് ഏറെ പ്രശസ്തമായ കൊറോണ ബീര്‍ നിര്‍മ്മാതാക്കളായ ഗ്രൂപ്പോ മൊഡേലോയുടെ സിഇഒ യായി മാറുകയും ചെയ്തു. 99 ാം വയസ്സില്‍ ഈ വര്‍ഷം മരിക്കുമ്പോള്‍ അദ്ദേഹം ബില്യണെയര്‍ ആയി മാറിയിരുന്നു. അദ്ദേഹം തന്റെ 169 ദശലക്ഷം പൗണ്ട് സെറസല് നിവാസികള്‍ക്കായി നല്‍കിയാണ് കടന്നു പോയത്. താന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തിലെ ഓരോരുത്തര്‍ക്കും നല്‍കിയത് 20 ലക്ഷം പൗണ്ട് വീതമായിരുന്നു.
1917 ഡിസംബര്‍ 13 ന് കടുത്ത ദാരിദ്ര്യത്തില്‍ ജനിച്ച ഫെര്‍ണാണ്ടസിന് 14 ാം വയസ്സില്‍ മാതാപിതാക്കള്‍ക്ക് ശേഷി ഇല്ലാതെ വന്നതിനെ തുടര്‍ന്ന് സ്കൂള്‍ വിദ്യാഭ്യാസം തന്നെ അവസാനിപ്പിക്കേണ്ടി വന്നു. സ്പാനിഷ് ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് വടക്കന്‍ സ്പെയിനിലെ ലിയോണ്‍ നഗരത്തിലേക്ക് ചേക്കേറിയ ഇദ്ദേഹത്തെ ഭാര്യ ഗ്രൂപ്പോ മൊഡേലോയുടെ അമ്മാവന് മെക്സിക്കോയിലേക്ക് ക്ഷണിക്കുകയായിരുന്നു. കമ്പനിയുടെ വെയര്‍ഹൗസ് ജീവനക്കാരനായിട്ടാണ് തുടങ്ങിയത്.
പിന്നീട് കയറ്റുമതി കൂട്ടി കൊറോണയെ വലിയ സംഭവമാക്കി മാറ്റിയ ഫെര്‍ണാണ്ടസ് 1971 ല്‍ കമ്പനിയുടെ തലപ്പത്ത് എത്തുകയായിരുന്നു. 1997 വരെ ഈ പദവി അലങ്കരിക്കുകയും 2005 ല്‍ ബോര്‍ഡ് ചെയര്മാന് ആകുകയും ചെയ്തു. വലിയ നിലയില്‍ ആയപ്പോഴും പിറന്ന നാടിനെ മറക്കാതിരുന്ന ഫെര്‍ണാണ്ടസ് ലിയോണില്‍ വികലാംഗര്‍ക്ക് തൊഴിലിനും അവസരത്തിനുമായി പ്രവര്‍ത്തിക്കുന്ന സോള്ട്ര എന്ന് വിളിക്കുന്ന ഒരു സംഘടന ഉണ്ടാക്കിയിരുന്നു. മെക്സിക്കോയില്‍ ഭാര്യയൂടെ പേരില്‍ ഇതിന് സമാനമായ മറ്റൊരു സംഘടനയും ഉണ്ടാക്കിയിട്ടുണ്ട്. അമേരിക്കയിലേക്ക കയറ്റി അയയ്ക്കപ്പെടുന്ന രണ്ടാമത്തെ വലിയ ബീയര്‍ ആയ കൊറോണയുടെ വാര്‍ഷിക വരുമാനം 693 ദശലക്ഷം ഡോളറാണ്.






