വീണ്ടും സ്ക്രീനിനു മുന്നിലേക്ക് തിരിച്ചു വരുന്നതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ബോളിവുഡ് താരം സൊനാലി ബിന്ദ്രെ. 2019 ജൂലൈയിലാണ് തനിക്ക് ക്യാന്സറാണെന്ന വിവരം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തുടര്‍ന്ന് ചികിത്സയ്ക്കായി സൊനാലി ന്യൂയോര്‍ക്കിലേക്ക് പോയി. അവിടെ വച്ച് തന്റെ രോഗാവസ്ഥയെക്കുറിച്ചും ചികിത്സയുടെ പുരോഗതികളെക്കുറിച്ചും താരം നിരന്തരം ആരാധകരുമായി പങ്കുവച്ചിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്കൊടുവിലാണ് കാന്‍സറിനെ തോല്‍പ്പിച്ച് താരം ജീവിതത്തിലേക്ക് മടങ്ങിയത്.
ഡാന്‍സ് ഇന്ത്യാ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ഒരിക്കല്‍ക്കൂടി ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുന്നത്. കാന്‍സറിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ചും വീണ്ടും ഇന്ഡസ്ട്രിയിലേക്ക് തിരികെ വരാന്‍ തീരുമാനിച്ചതിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് സൊനാലി.
'' ജീവിതത്തിലേക്ക് തിരികെ വരാന്‍ കഴിഞ്ഞതില്‍ ഏറെ സന്തുഷ്ടയാണ്. മകന്റെ വളര്‍ച്ച കാണാനും മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കാനുമൊക്കെ കഴിയുന്നതില്‍ ഏറെ കടപ്പെട്ടിരിക്കുന്നു. അതുമാത്രമല്ല വെറുതെ തിരിച്ചു വരിക എന്നതിലപ്പുറം ഷൂട്ടിങ് സെറ്റിലെത്തി 12 മുതല്‍ 18 മണിക്കൂറോളം ഇരിക്കാനുള്ള ആരോഗ്യത്തോടെ തിരികെയെത്തുക. വീണ്ടും ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം. നേരത്തേ മുതല്‍ ഭര്‍ത്താവ് തന്നോട് ഇന്ഡസ്ട്രിയിലേക്ക് തിരികെ വരുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. നിനക്ക് കുഴപ്പമൊന്നുമില്ല, തിരികെ പോവൂ എന്നാണ് പറഞ്ഞിരുന്നത്. നീ എന്തായാലും ജോലിയിലേക്ക് തിരികെ പോകണം. ഈ കാലത്ത് ജോലി ചെയ്യുന്നത് നീ ഏറെ ആസ്വദിക്കുമെന്നും ഭര്‍ത്താവ് പറയുമായിരുന്നു- സൊനാലി പറയുന്നു.






