കോവിഡ് വന്ന് പോയവരില്‍ നീണ്ട കാലത്തേക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. കോവിഡിന് ശേഷവും മാസങ്ങളോളം അതിന്റെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനെ 'ലോംങ് കോവിഡ്' എന്നാണ് വിളിക്കുന്നത്. ദീര്‍ഘകാല കോവിഡിനെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ദീര്‍ഘകാല കോവിഡ് ഒരാള്‍ക്കുണ്ടോ എന്ന് തിരിച്ചറിയാന്‍ മുഖ്യമായും മൂന്ന് ലക്ഷണങ്ങളാണ് നിരീക്ഷിക്കേണ്ടതെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.
കോവിഡ് അനന്തരം രോഗികള്‍ നേരിടുന്ന പ്രധാന ലക്ഷണങ്ങളിലൊന്നാണ് ശ്വാസംമുട്ടല്‍. ചെറിയ വ്യായാമമോ ശാരീരിക അധ്വാനമോ ചെയ്യുമ്പോള്‍ കൂടി ശ്വാസമെടുക്കാന്‍ പറ്റാതെ രോഗികള്‍ അണയ്ക്കാന്‍ സാധ്യതയുണ്ട്. തലച്ചോറുമായി ബന്ധപ്പെട്ട ധാരണാശേഷിക്കുറവാണ് ദീര്‍ഘകാല കോവിഡിന്റെ പ്രബലമായ മൂന്നാമത് ലക്ഷണം. ബ്രെയിന്‍ ഫോഗ് എന്നാണ് ഇത് പൊതുവില്‍ അറിയപ്പെടുക. ഒരു കാര്യത്തിലും ശ്രദ്ധിക്കാന്‍ കഴിയാതെ വരുക, പല കാര്യങ്ങളും ഓര്‍ത്തു വയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുക, ശരിക്ക് ഉറങ്ങാന്‍ സാധിക്കാതെ വരിക, പൊതുവില്‍ കാര്യങ്ങള്‍ക്കൊരു ആശയക്കുഴപ്പമുണ്ടാകുക എന്നിവയെല്ലാം ബ്രെയിന്‍ ഫോഗിന്റെ ലക്ഷണങ്ങളാണ്.
മറ്റൊരു ലക്ഷണമാണ് അതി ഭയങ്കരമായ ക്ഷീണം. ശരീരം ഒരു വൈറല്‍ അണുബാധയെ നേരിട്ടതിനോടുള്ള സ്വാഭാവിക പ്രതിരോധമാണ് ക്ഷീണം. എന്നാല്‍ ദീര്‍ഘകാല കോവിഡ് രോഗികളില്‍ മാസങ്ങളോളം ഇത് തുടരാം. ദൈനംദിന ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന തരത്തില്‍ ക്ഷീണം രോഗികളെ പിടികൂടും. മൂന്ന് മാസങ്ങള്‍ക്കു ശേഷവും ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആവശ്യമായ ചികിത്സ തേടേണ്ടതാണെന്ന് ലോകാരോഗ്യ സംഘടനയുടെ വേള്‍ഡ് ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം ക്ലിനിക്കല്‍ മാനേജ്മെന്റ് ലീഡ് ഡോ. ജാനറ്റ് ഡയസ് പറയുന്നു.
പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങള്‍ ഇവയാണെങ്കിലും ദീര്‍ഘകാല കോവിഡുമായി ബന്ധപ്പെട്ട് 200ലധികം ലക്ഷണങ്ങള്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഡോ. ജാനറ്റ് പറയുന്നു. ഹൃദയമിടിപ്പ് കൂടുന്നത് അടക്കമുള്ള ഹൃദയസംബന്ധിയായ ലക്ഷണങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. ക്ഷീണം, ബ്രെയിന്‍ ഫോഗ് പോലുള്ള ലക്ഷണങ്ങള്‍ ഉള്ളവര്‍ അമിതമായ സമ്മര്‍ദം ശരീരത്തിനോ മനസ്സിനോ നല്‍കരുതെന്നും ഡോ. ജാനറ്റ് പറയുന്നു.
കോവിഡ് രോഗമുക്തിക്ക് മൂന്ന് മാസങ്ങള്‍ക്കു ശേഷം ഈ ലക്ഷണങ്ങള്‍ തുടര്‍ന്നാല്‍ മാത്രം ഇവയെ ഭയപ്പെട്ടാല്‍ മതിയെന്നും ഡോ. ജാനറ്റ് കൂട്ടിച്ചേര്‍ക്കുന്നു. തീവ്രമായ രോഗബാധയൊക്കെ വന്നവര്‍ക്ക് മൂന്നു മാസമെങ്കിലും പഴയ മട്ടിലാകാന്‍ വേണ്ടി വന്നേക്കാം. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്കു ശേഷവും ലക്ഷണങ്ങള്‍ തുടരുന്ന പക്ഷം പോസ്റ്റ് കോവിഡ് ക്ലിനിക്കിന്റെ സഹായം തേടണമെന്നും ഡോ.ജാനറ്റ് പറയുന്നു.






