ജീപ്പ് ഇന്ത്യയുടെ ഏറ്റവും പുതിയ വാഹനം ജീപ്പ് മെറിഡിയന്റെ ആദ്യ പ്രദര്‍ശനം മാര്‍ച്ച് 29ന്. ഇന്ത്യന്‍ വിപണിയില്‍ മെറിഡിയന് എന്നും രാജ്യാന്തര വിപണിയില്‍ കമാന്‍ഡര്‍ എന്നുമായിരിക്കും വാഹനത്തിന്റെ പേര്. മെയ് ആദ്യം തന്നെ പുതിയ വാഹനം വിപണിയിലെത്തിക്കുമെന്നാണ് ജീപ്പ് അറിയിക്കുന്നത്. പുതിയ മോഡലുകളുടെ നിര്‍മാണത്തിനായി ഏകദേശം 1870 കോടി രൂപ പുണെയിലെ പ്ലാന്റില്‍ നിക്ഷേപിക്കുമെന്ന് കമ്പനി മുന്‍പ് വ്യക്തമാക്കിയിരുന്നു.
പുത്തന്‍ മോഡലുകളായ ഗ്രാന്‍ഡ് ചെറോക്കീ എല്‍, ഗ്രാന്‍ഡ് വാഗണീര്‍ എന്നിവയിലെപ്പോലെ നീളമേറിയ വാതിലുകളാണ് 'മെറിഡിയനി'ലും. പിന് ടെയില്‍ ഗേറ്റില്‍ തിരശ്ചീനമായി ഘടിപ്പിച്ച എല്‍ഇഡി ടെയില്‍ ലാംപുകളുമുണ്ട്. ബ്രസിലിയന്‍ വിപണിയില്‍ ഏഴ് സീറ്റ് മോഡല്‍ മാത്രമാണുള്ളതെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍ 6 സീറ്റ് പതിപ്പുമുണ്ടാകും. വെന്റിലേറ്റഡ് സീറ്റ്, പനോരമിക് സണ്‍റൂഫ്, വലുപ്പമേറിയ 10.1 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ തുടങ്ങി പരിഷ്കരിച്ച കോംപസിലെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം മെറിഡിയനിലും ഉണ്ടാകും.
വാഹനത്തിന്റെ എന്ജിന് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും തുടക്കത്തില്‍ രണ്ടു ലീറ്റര്‍ ഡീസല്‍ എന്‍ജിനും പിന്നീട് 1.3 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും മെര്ഡിയനുണ്ടാകും. കോംപസിലെ രണ്ടു ലീറ്റര്‍, നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്റെ കരുത്തേറിയ വകഭേദമാവും മെറിഡിയനില്‍ എന്നാണ് പ്രതീക്ഷ. കോംപസിലെ 170 ബിഎച്ച്പിക്കു പകരം 200 ബിഎച്ച്പിയോളം കരുത്ത് സൃഷ്ടിക്കുംവിധമാവും ഈ എന്‍ജിന്റെ ട്യൂണിങ് എന്നു കരുതുന്നു. ഒന്‍പതു സ്പീഡ്, ടോര്‍ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗീയര്‍ബോക്സ് മാത്രമാവും ട്രാന്സ്മിഷന് സാധ്യത.
മികച്ച മലിനീകരണ നിയന്ത്രണത്തിനും ഉയര്‍ന്ന ഇന്ധനക്ഷമതയ്ക്കുമായി ബെല്‍റ്റ് ഡ്രിവണ്‍ സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ബിഎസ്ജി) സഹിതം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും മെറിഡിയനിലുണ്ടാവും. മെറിഡിയന്റെ വില സംബന്ധിച്ച സൂചനകളൊന്നും ലഭ്യമല്ല. ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, സ്കോഡ കോഡിയാക്ക് തുടങ്ങിയ വാഹനങ്ങളോടാണ് മെറിഡിയന് പ്രധാനമായും മത്സരിക്കുന്നത്.






