
കൊളംബോ : പൊരിഞ്ഞ വെയിലിൽ
ശ്രീലങ്കയിൽ പെട്രോളിനും മണ്ണെണ്ണയ്ക്കുമായി 4 മണിക്കൂർ ക്യൂവിൽ കാത്തുനിന്ന 2 വയോധികർ കുഴഞ്ഞുവീണു മരിച്ചു. ഹൃദ്രോഗവും പ്രമേഹവും ഉള്ള 71 വയസ്സുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും 72 വയസ്സുള്ള മറ്റൊരാളുമാണ് കാൻഡിയിലും കടവത്തയിലുമായി മരിച്ചത്.
കടലാസും അച്ചടി മഷിയും ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യമില്ലാതെ വന്നതിനാൽ 28നു തുടങ്ങാനിരുന്ന 9,10,11 ക്ലാസുകളിലെ അവസാന ടേം പരീക്ഷകൾ മാറ്റി.
വിദേശനാണ്യശേഖരം കുത്തനെ കുറഞ്ഞതിനെ തുടർന്നുണ്ടായ സാമ്പത്തികപ്രതിസന്ധി മൂലം ഇന്ധനം ദുർലഭമായ സാഹചര്യത്തിൽ ഏതാനും ആഴ്ചകളായി പെട്രോൾ പമ്പുകൾക്കു മുന്നിൽ നീണ്ട വരി പതിവാണ്. അസംസ്കൃത എണ്ണ തീർന്നതിനെ തുടർന്ന് ലങ്കയിലെ ഏക സംസ്കരണശാല ഇന്നലെ അടച്ചിട്ടു.
ശ്രീലങ്കൻ രൂപയുടെ മൂല്യം 30% കുറഞ്ഞു. ഡോളറിന് 275 രൂപ നൽകണം. 400 ഗ്രാം പാൽപൊടിക്ക് 250 രൂപ (ഇന്ത്യയിലെ 68 രൂപ) കൂടി ഉയർത്തിയതോടെ ഒരു കപ്പ് ചായയ്ക്ക് 100 രൂപയാണ് (27 ഇന്ത്യൻ രൂപ) റസ്റ്ററന്റുകളിലെ വില.






