
കവരത്തി: ലക്ഷദ്വീപിലെ ഭരണകൂട നടപടികള്‍ക്കെതിരെ മാസങ്ങളായി പ്രതിഷേധം നടക്കുകയാണ്. ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് അവരെ പിന്നോട്ടടിക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് ലക്ഷദ്വീപ് നിവാസികള്‍ ആരോപിച്ചു. അഡ്മിനിസ്ട്രേഷനെ വെല്ലുവിളിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതിന് കവരത്തിയിലെ ഒന്‍പതാം വാര്‍ഡ് മെമ്പറായ എന്‍സിപി പ്രവര്ത്തകന് ആസിഫ് അലിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഐപിസി 504, 120ആ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ബി.ജെ.പി ലക്ഷദ്വീപ് ഘടകം ജനറല്‍ സെക്രട്ടറി മുഹമ്മദ് കാസിമിനെതിരെയും ദ്വീപ് ഭരണകൂടം കേസെടുത്തു എന്നാണ് സൂചന. ബങ്കാര ദ്വീപിലുള്ള ടൂറിസം വകുപ്പിന്റെ റിസോര്‍ട്ടിലെ ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം നല്‍കാത്തതിനെ ചോദ്യം ചെയ്തതിനാണ് മുഹമ്മദ് കാസിമിനെതിരെ കേസെടുത്തിരിക്കുന്നത്. മുന്‍പ് കപ്പല്‍ സര്‍വീസ് വെട്ടിക്കുറച്ചത് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട ലക്ഷദ്വീപ് ടൂറിസത്തിന്റെ ജനറല്‍ മാനേജറായ ഹുസൈന് മണിക്ഫാനിനെയും അറസ്റ്റ് ചെയ്തിരുന്നു.
തിങ്കളാഴ്ച എന്‍സിപി പ്രതിഷേധദിനം നടത്താനിരിക്കേയാണ്, അഡ്മിനിസ്ട്രേഷന് ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് കവരത്തി ദ്വീപില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമരം ഇതിനകം ബഹുജന പിന്തുണയാര്ജ്ജിച്ചിരുന്നു. ലക്ഷദ്വീപുകാര്‍ പാര്‍ട്ടി ഭേദമന്യേ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്. ആഴ്ച്ചകള്‍ക്ക് മുന്നേ പ്രഖ്യാപിച്ച സമരത്തിനാണ് ഞായറാഴ്ച അഡ്മിനിയ്ട്രേഷന് തടയിട്ടത്.
ഇതേസമയം, ഫേസ്ബുക്ക് പോസ്റ്റിലെ മോശം പരാമര്‍ശത്തിന്റെ പേരിലാണ് ആസിഫ് അലിയെ അറസ്റ്റ് ചെയ്തതെന്നാണ് അഡ്മിനിസ്ട്രേഷന്റെ പറയുന്നു. 'മി. ഘോഡ പട്ടേല്‍. മാര്‍ച്ച് 21ന് ലക്ഷദ്വീപില്‍ വരുന്നതിന് നിങ്ങള്‍ക്ക് ഭയമാണോ? ഞങ്ങള്‍ വെല്ലുവിളിക്കുന്നു, ഒരു പിതാവിന് ജനിച്ചയാളാണെങ്കില്‍ വന്ന് മാര്‍ച്ച് 21നെ നേരിടൂ' എന്നായിരുന്നു ആസിഫ് അലിയുടെ പോസ്റ്റ്.

ഭരണകൂടത്തിനെതിരെ ആരും ശബ്ദിക്കാന്‍ പാടില്ല എന്നാണ് അഡ്മിനിസ്ട്രേഷന്റെ കേസെടുക്കല്‍ നടപടികളിലൂടെ മനസ്സിലാക്കേണ്ടതെന്ന് ചലച്ചിത്ര പ്രവര്‍ത്തകയും ലക്ഷദ്വീപ് സമരത്തിന്റെ ശക്തമായ പോരാളികളില്‍ ഒരാളുമായ ഐഷ സുല്‍ത്താന പറയുന്നു.
'ഇതൊരു ജനാധിപത്യ രാജ്യമാണ് വീണ്ടും വീണ്ടും ഞങ്ങള്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു
കാരണം ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിദ്വീപിലെ പഞ്ചായത്ത് മെമ്പര്‍ ആസിഫ് അലി ഇങ്ങനെയൊരു പോസ്റ്റ് ഇട്ടപ്പോള്‍ തന്നെ അദ്ദേഹത്തേ ഇന്ന് ലക്ഷദ്വീപ് പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നു...
എന്താണ് ഇതിന്റെ അര്‍ത്ഥം? ഇതില്‍ നിന്നും എന്താണ് മനസിലാക്കേണ്ടത്? ആരും ശബ്ധിക്കാന്‍ പാടില്ലാ എന്നല്ലേ, ആദ്യം 124(A)ചാര്‍ജ് ചെയ്തു എന്റെ വാ മൂടികെട്ടാന്‍ ശ്രമിച്ചു, പിന്നീട് ലക്ഷദ്വീപിന്റെ ട്യൂറിസത്തിന്റെ ജനറല്‍ മാനേജറായ ഹുസൈന് മണിക്ഫാന് സാര്‍ കപ്പലിന്റെ കാര്യം ചൂണ്ടി കാണിച്ചു പോസ്റ്റ് ഇട്ടപ്പോള്‍ അദ്ദേഹത്തെയും അറസ്റ്റ് ചെയ്തു..
ജനങ്ങള്‍ക്ക് വേണ്ടി ശബ്ധിക്കുന്നവരെ അടിച്ചമര്‍ത്തുന്നത് നിങ്ങളുടെ ഉള്ളിലെ ഭയം കൊണ്ടാണ്, കേവലമൊരു ഫൈസ്ബുക്ക് പോസ്റ്റ് പോലും ഭയക്കുന്ന നിങ്ങള്‍ക്ക് എങ്ങനെ താങ്ങാന്‍ സാധിക്കും വരും നാളുകളില്‍ നടക്കാന്‍ പോകുന്ന പ്രതിഷേധം ?
ജനകീയ സമരങ്ങള്‍ പ്രത്യേകിച്ച് ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള സമരവും
ഘോടാ പാട്ടേലിനെതിരെയുള്ള സമരത്തിനും എന്നും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതാണ് എന്റെ രീതി...
21 ന് അതായത് നാളെ എന്‍.സി. പി. പ്രഖ്യാപിച്ച ഭരണകൂട ഭീകരതക്കെതിരെയുള്ള സമരത്തിന് അഭിവാദ്യങ്ങള്‍
അതോടൊപ്പം ആസിഫ് അലിക്ക് ഐക്യദാര്‍ഢ്യം'...
ഐഷ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.







Comments