
കോലഞ്ചേരി: പറഞ്ഞ വാക്കിന് കോടികളേക്കാൾ വിലയുണ്ടെന്ന് തെളിയിച്ച പട്ടിമറ്റം സ്വദേശി ലോട്ടറി വിൽപനക്കാരിയായ സ്മിജയെ ആരും മറന്നുകാണില്ല. കഴിഞ്ഞ വർഷം സ്മിജയിൽ നിന്നും ചന്ദ്രൻ എന്നയാൾ വാങ്ങിയ ആറുകോടിയുടെ സമ്മർ ബമ്പർ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ഫോണിലൂടെ കടമായി പറഞ്ഞുറപ്പിച്ച ടിക്കറ്റ് നറുക്കെടുപ്പിന് ശേഷം ചന്ദ്രന്റെ വീട്ടിലെത്തി സ്മിജ കൈമാറുകയായിരുന്നു. ഇപ്പോൾ വീണ്ടും സ്മിജയുടെ പക്കലുള്ള ടിക്കറ്റിനെ തേടി സമ്മാനമെത്തി. ഇത്തവണ സ്മിജ വിറ്റ ടിക്കറ്റിലൂടെ ഭാഗ്യം തേടിയെത്തിയത് ചെന്നൈയിൽ താമസിക്കുന്ന സുബ്ബറാവു പദ്മത്തിനാണ്.
സമ്മർ ബമ്പറിന്റെ രണ്ടാം സമ്മാനമായ ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് സ്മിജയുടെ കൈവശമുള്ള ടിക്കറ്റിന് ലഭിച്ചത്. അത് ഉടമയ്ക്ക് കൈമാറാൻ കാത്തിരിക്കുകയാണ് സ്മിജ. ആലുവയിലെ വിഷ്ണു ലോട്ടറീസിൽ നിന്നെടുത്ത ടിക്കറ്റിലെ എസ്.ഇ 703553 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. പ്രമുഖ സ്വകാര്യബാങ്കിൽ നിന്നും വിരമിച്ച പദ്മം ചെന്നൈയിൽ സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്. കേരളത്തിൽ തീർത്ഥാടനത്തിന് എത്തുന്ന പതിവുണ്ട് പദ്മത്തിന്. ഇതുവഴിയാണ് സ്മിജയുമായി അടുപ്പത്തിലാവുന്നത്. മിക്കവാറും മാസങ്ങളിൽ പദ്മം ബാങ്കിലൂടെ പണം നൽകി ടിക്കറ്റെടുക്കും. സമ്മാന വിവരം വിളിച്ചറിയിച്ചത് സ്മിജ തന്നെയാണ്. രണ്ട് ദിവസത്തിനുള്ളിൽ ആലുവയിലെത്തി ടിക്കറ്റ് ഏറ്റുവാങ്ങാനിരിക്കുകയാണ് സുബ്ബറാവു പദ്മം.
സാമ്പത്തികമായി സഹായിക്കാമെന്ന് നിരവധി തവണ പദ്മം സ്മിജയോട് പറഞ്ഞിരുന്നു. എന്നാൽ സഹായം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു സ്മിജ. സ്മിജയുടെ സത്യസന്ധതയും ആത്മാർത്ഥതയുമാണ് കൂടപ്പിറപ്പിനെ പോലെ സ്നേഹിക്കുവാൻ പ്രചോദനമായതെന്ന് പദ്മം പറഞ്ഞു. കഴിഞ്ഞ വർഷം ചന്ദ്രന് വീട്ടിലെത്തി ടിക്കറ്റ് കെെമാറിയതോടെ സ്മിജ രാജേശ്വരൻ എന്ന ഗണിതശാസ്ത്ര ബിരുദാനന്തര ബിരുദധാരി സമൂഹത്തിൽ താരമായി മാറുകയായിരുന്നു. രാജഗിരി ആശുപത്രിക്ക് മുന്നിൽ വർഷങ്ങളായി ടിക്കറ്റ് വിൽക്കുന്നയാളാണ് സ്മിജ. കാക്കനാട് സർക്കാർ പ്രസിൽ താൽക്കാലിക ജീവനക്കാരായിരുന്നു സ്മിജയും ഭർത്താവ് രാജേശ്വരനും. മൂത്തമകന്റെ ചികിത്സയ്ക്കായി ലീവെടുത്തതിനെ തുടർന്ന് ഇവർക്ക് ജോലി നഷ്ടപ്പെട്ടു. പിന്നീടാണ് ലോട്ടറിക്കച്ചവടത്തിനിറങ്ങിയത്. ജഗത്തും ലുഖൈദുമാണ് സ്മിജയുടെ മക്കൾ.






