
കാട്ടിലെ വ്യത്യസ്തമായ കാഴ്ചകള്‍ എന്നും ആളുകള്‍ക്ക് പ്രിയങ്കരമാണ്. കാട്ടിലെ മൃഗങ്ങളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധകര്‍ ആവേശത്തോടെ ശ്രദ്ധിക്കാറുണ്ട്. ശത്രു ആക്രമിക്കാന്‍ വരുമ്പോള്‍ കൂട്ടമായി ചെറുത്തു നില്ക്കുന്ന വന്യമൃഗങ്ങളുടെ നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ആനയായാലും കാട്ടുപോത്തായാലും സ്വന്തം വര്‍ഗത്തില്‍പ്പെട്ടവരെ ഇരയാക്കാന്‍ ശ്രമിക്കുമ്പോള്‍ ശത്രുവിനെതിരെ ഒറ്റക്കെട്ടായി പോരാടുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
എന്നാലിപ്പോള്‍ നടനായ രണ്‍ദീപ് ഹൂഡ പങ്കുവച്ച വ്യത്യസ്തമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. കടുവയുടെ വായില്‍ അകപ്പെട്ട കാട്ടുപോത്തിനെ രക്ഷിക്കുന്നതിന് പകരം 'പിന്നില്‍ നിന്ന് കുത്തുന്ന' തരത്തിലുള്ള വേറിട്ട വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
കാട്ടുപോത്തിന്റെ കഴുത്തില്‍ പിടിത്തമിട്ടിരിക്കുകയാണ് കടുവ. ഇത് കണ്ട് കാട്ടുപോത്തിന് കൂട്ടത്തില്‍ ചിലത് പേടിച്ച് ഓടിപ്പോകുന്നതും കൂട്ടത്തില്‍ ഒരെണ്ണം വ്യത്യസ്തനാണ് എന്ന് തോന്നിപ്പിക്കുമാറ് കടുവയ്ക്ക് എതിരെ തിരിയുന്നതായും വീഡിയോയുടെ തുടക്കത്തില്‍ കാണാം. എന്നാല്‍ യഥാര്‍ഥത്തില്‍ കടുവയെ സഹായിക്കുന്ന കാട്ടുപോത്തിന്റെ ദൃശ്യങ്ങളാണ് ഞെട്ടിക്കുന്നത്.
കടുവയ്ക്ക് നേരെ കുതിച്ചുപാഞ്ഞു വരുന്ന കാട്ടുപ്പോത്തിനെ കണ്ട് കടുവ പോലുമൊന്ന് ഞെട്ടുന്നുണ്ട്. പക്ഷേ ഓടിയടുക്കുന്ന കാട്ടുപോത്ത് കടുവയുടെ വായില്‍ അകപ്പെട്ട സ്വന്തം വര്‍ഗത്തില്‍പ്പെട്ട ജീവിയെയാണ് കൊമ്പ് കൊണ്ട് കുത്തി മറിച്ചിടുന്നത്. കാട്ടുപോത്തിന്റെ വരവ് കണ്ട് പേടിച്ചരണ്ട കടുവ ഇരയിന്മേലുള്ള പിടിത്തം വിട്ട് ഓടിമറയാന്‍ ശ്രമിച്ചു. എന്നാല്‍ സ്വന്തം വര്‍ഗത്തില്‍പ്പെട്ട ജീവിയെ കാട്ടുപോത്ത് കൊമ്പ് കൊണ്ട് കുത്തിമറിച്ചിടുന്നതോടെ കടുവയ്ക്ക് ഇരയെ പിടിക്കാന്‍ സൗകര്യം കിട്ടി.
It’s a jungle out there !! pic.twitter.com/Hhu0iSQtlJ
— Randeep Hooda (@RandeepHooda) March 21, 2022
വീഡിയോ കാണുമ്പോള്‍ മനസ്സിലാകുന്നത് സ്വന്തം വര്‍ഗ്ഗത്തില്‍ പെട്ട ജീവിയെ കടുവയുടെ വായില്‍ നിന്നും അകറ്റാനുള്ള ശ്രമമാണ് കാട്ടുപോത്ത് നടത്തുന്നതെന്ന് തോന്നുന്നു. അല്‍പ്പം വേഗത കൂടിപ്പോയത് കൊണ്ട് സംഭവിച്ച അബദ്ധമാണ് ഇത് എന്നാണ് ചിലര്‍ കമന്റുകളിടുന്നത്. പോത്തിന് ഉന്നം തെറ്റിയതാവും, പുറകിൽ നിന്ന് കുത്തുന്നത് അതിന് നേരിട്ട് കടുവയെ ആക്രമിക്കാൻ ഉള്ള ധൈര്യം ഇല്ലാത്തതു കൊണ്ട് കടുവയിൽ നിന്ന് രക്ഷിക്കാൻ ചെയുന്നതാണ് എന്നതടക്കമുള്ള കമന്റുകളും നിറയുന്നുണ്ട്.






