
ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജും കാമുകി സ്റ്റെല്ല മോറിസും തമ്മിലുളള വിവാഹം ജയിലിൽ വെച്ച് നടക്കും. വടക്ക് കിഴക്കൻ ലണ്ടനിലെ അതീവ സുരക്ഷയുളള ജയിലിൽ വെച്ചാണ് വിവാഹം. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും, രണ്ട് ഔദ്യോഗിക സാക്ഷികളുമടക്കം നാലു പേരാണ് വിവാഹത്തിൽ പങ്കെടുക്കുക. ദക്ഷിണാഫ്രിക്കൻ സ്വദേശിയായ സ്റ്റെല്ല മോറിസും ജൂലിയൻ അസാൻജും ദീർഘനാളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് അനുമതി ചോദിച്ച് ഇരുവരും അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു. യുഎസ് സൈനിക രേഖകളും നയതന്ത്ര രേഖകളും അടക്കം പുറത്തുവിട്ടതിന് 18 കേസുകളിൽ ജൂലിയൻ അസാൻജ് വിചാരണ നേരിടണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്.
2019 മുതൽ ബെൽമാർഷ് ജയിലിൽ കഴിയുകയാണ്. പിടിയിലാവുന്നതിന് മുമ്പ് ലണ്ടനിലെ ഇക്വാഡർ എംബസിയിൽ അപയം പ്രാപിച്ചിരുന്നു. ജൂലിയൻ അസാൻജിനും സ്റ്റെല്ല മോറിസിനും രണ്ടു മക്കളുണ്ട്. അഭിഭാഷകയായ മോറിസ് ഒരു പതിറ്റാണ്ടിലേറെ കാലം അസാൻജിന്റെ ജൂനിയറായി പ്രവർത്തിച്ചിരുന്നു.
ബ്രിട്ടീഷ് ഫാഷൻ ഡിസൈനറായ വിവിയെന്ന വെസ്റ്റ് വുഡാണ് മോറിസിന്റെയും അസാൻജിന്റെയും വിവാഹ വസ്ത്രങ്ങൾ തയാറാക്കിയത്. ജയിലിലെ സന്ദർശക സമയത്താണ് വിവാഹ ചടങ്ങ് നടക്കുക. അസാൻജിനെ യുഎസിന് കൈമാറുന്നതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ അനുമതി നൽകിയിരുന്നില്ല. 2010ൽ അമേരിക്കയുടെ പ്രതിരോധ രഹസ്യരേഖകൾ അടക്കം അന്താരാഷ്ട്ര തലത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി വിവരങ്ങൾ വിക്കിലീക്സിലൂടെ പുറത്തുവിട്ടതിലൂടെയാണ് ജൂലിയൻ അസാൻജ് ശ്രദ്ധേയനാകുന്നത്. ഏകദേശം ഒരു കോടിയിലധികം രേഖകൾ വിക്കിലീക്സ് ചോർത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഈ കേസിൽ ഇക്വഡോർ എംബസിയിൽ രാഷ്ട്രീയ അഭയാർത്ഥിയായിരുന്ന അസാൻജ് 2019ലാണ് അറസ്റ്റിലാവുന്നത്.







Comments